തിരുവനന്തപുരം: തുടർച്ചയായ ഇന്ധനവില വർദ്ധനവിനെതിരെയും സംസ്ഥാന സർക്കാരിന്റെ അമിത വൈദ്യുതി ബില്ലിനെതിരെയും ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് ധർണ നടത്തും. പട്ടം വൈദ്യുതഭവന് മുന്നിൽ രാവിലെ 10ന് നടക്കുന്ന ധർണയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. 19ന് വൈകിട്ട് വീടുകൾക്ക് മുന്നിൽ പ്രതീകാത്മകമായി വൈദ്യുതി ബിൽ കത്തിച്ചുള്ള വീട്ടമ്മമാരുടെ പ്രതിഷേധം നടക്കുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ അറിയിച്ചു.
നാളെ വിളക്കണച്ച് പ്രതിഷേധം
വൈദ്യുതി ബില്ല് കുത്തനെ കൂട്ടി നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നാളെ രാത്രി 9ന് മൂന്നു മിനിട്ട് വൈദ്യുതിവിളക്കുകൾ അണച്ചിടും. എല്ലാ വീട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. സാധാരണ വരുന്ന ബില്ലിന്റെ പല മടങ്ങ് തുകയ്ക്കുള്ള ബില്ലാണ് കെ.എസ്.ഇ.ബി വ്യാപകമായി നൽകിയത്. കൊവിഡ് കാലത്ത് റീഡിംഗ് എടുക്കാൻ കഴിയാതിരുന്നത് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയാണ്. വ്യാപകമായി പരാതിയുയർന്നിട്ടും തെറ്റ് തിരുത്താൻ വൈദ്യുതി ബോർഡോ സർക്കാരോ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.