june15g

ഭിന്നശേഷിക്കുട്ടിക്ക് സഹായവുമായി ഡിവൈ.എസ്.പി

ആറ്റിങ്ങൽ: മുമ്പൊരിക്കൽ കലോത്സവത്തിന് പരിചയപ്പെട്ടപ്പോൾ ഭിന്നശേഷിക്കാരിയായ ആതിര കരുതിയിരുന്നില്ല പറഞ്ഞ വാക്ക് പാലിച്ച് ആ പൊലീസ് മാമൻ സമ്മാനങ്ങളുമായി തന്റെ വീട്ടിലേക്ക് വരുമെന്ന് !. ഒട്ടും പ്രതീക്ഷിക്കാതിരുന്ന സമയത്ത് പൊലീസ് മാമൻ കൈനിറയെ സമ്മാനങ്ങളുമായി എത്തിയപ്പോൾ നടക്കാൻ പ്രയാസമുള്ള ആതിരയ്ക്ക് സന്തോഷം അടക്കാനായില്ല. ആനന്ദക്കണ്ണീ‌ർ തുടച്ചുകൊണ്ട് വീട്ടിലെ എല്ലാരെയും വിളിച്ച് പൊലീസ് മാമനെ പരിചയപ്പെടുത്തി. കിഴുവിലം പഞ്ചായത്തിലെ കാട്ടുംപുറം ശാന്തമംഗലം വീട്ടിൽ എം. ഗീതയുടെയും ആട്ടോ ഡ്രൈവർ അനിൽകുമാറിന്റയും മകൾ പതിമൂന്നുകാരി ആരതി എ. നായർക്കാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബി. അനിൽകുമാർ മിഠായി പൊതികളും ആധുനിക രീതിയിലുള്ള വാക്കറും വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന ചെറിയ വാക്കറും കൊണ്ട് എത്തിയത്. ഇത് ഉപയോഗിച്ച് ആതിരയ്ക്ക് ഇനി പരസഹായമില്ലാതെ നടക്കാം. ആറ്റിങ്ങൽ സൗണ്ട് പ്ലസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആതിര. ആരതി ഇരട്ട സഹോദരിയാണ്. 2019 നവംബർ 23 ന് കിഴുവിലം പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള പുരവൂർ എസ്.വി.യു.പി.എസിൽ നടക്കുമ്പോഴാണ് ഉദ്ഘാടനത്തിനെത്തിയ ബി. അനിൽകുമാറിനെ ആതിര പരിചയപ്പെട്ടത്. ചടങ്ങ് കഴിഞ്ഞപ്പൊൾ പൊലീസ് മാമാ എന്ന് വിളിച്ച് ആതിര അടുത്തെത്തി. കുട്ടിയുടെ സ്മാർട്ടായ പെരുമാറ്റം കണ്ട് സമ്മാനങ്ങളുമായി ഒരുദിവസം വീട്ടിൽ വരുമെന്ന് വാക്കുനൽകിയാണ് അനിൽകുമാർ അവിടെനിന്നും പോയത്. എന്നാൽ ആതിര അത് അന്നേ മറന്നുപോയിരുന്നു. അനിൽകുമാർ ഇതിനിടയിൽ ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് ആതിരയുടെ വിവരങ്ങളെല്ലാം അറിഞ്ഞുവച്ചാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയത്. അനിൽകുമാറിനെ കണ്ടതിന്റെയും സമ്മാനങ്ങൾ ലഭിച്ചതിന്റെയും സന്തോഷത്തിലാണ് ആതിര. എ.എസ്. ശ്രീകണ്ഠൻ,​ ബി.എസ്. ബിജുകുമാർ,​ പി.ജി. പ്രദീപ്,​ ദേവരാജൻ എന്നിവർ ഡിവൈ.എസ്.പിക്ക് ഒപ്പമുണ്ടായിരുന്നു.