തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ജോലിക്കായി ആളെ കൊണ്ടുപോകുന്ന ഏജൻസികളിലെ വ്യാജന്മാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ന്യൂഡൽഹിയിൽ പ്രൊട്ടക്ടർ ഒഫ് ഇമിഗ്രൻസ് മൂന്നാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തെ ഇന്ത്യൻ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ പുതിയ ഇമിഗ്രേഷൻ മാനേജ്‌മെന്റ് നിയമം കൊണ്ടുവരും. കുടിയേറ്ര തൊഴിലാളികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കാൻ ഈ ബില്ല് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താൻ നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നുണ്ട്. കുടിയേറ്രക്കാർക്ക് അവരുടെ ജോലിക്കനുസരിച്ച് നൈപുണ്യം വർദ്ധിപ്പിക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി.