വിതുര: ഓടു മേഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പഴയ കെട്ടിടങ്ങളിൽ നിന്നും മേനി പുതുക്കി സ്മാർട്ടാകാൻ ഒരുങ്ങി വിതുര പഞ്ചായത്തിലെ ആനപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ. സ്കൂളിന്റെ വികസന പദ്ധതിക്കായി മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സ്കൂളിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടിയും, വികസനത്തിന് തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്. ശബരീനാഥൻ എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്നും നബാർഡിൽ നിന്നുമാണ് മൂന്ന് കോടി രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ പദ്ധതിയുടെ വിശദമായ മാസ്റ്റർ പ്ളാനും, എസ്റ്റിമേറ്ര് തയ്യാറാക്കുന്നതിനുമായി പൊതുമരാമത്ത് അധികൃതർ എം.എൽ.യുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിച്ചു. നിലവിലെ കെട്ടിടങ്ങളുടെ കാലപ്പഴക്കം മൂലം അവ പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടങ്ങൾ പണിയുക. പുതുതായി രണ്ട് ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇവയിൽ സ്മാർട്ട് ക്ളാസ് റൂമുകൾ, ഓഫീസ് ബ്ളോക്ക്, ലൈബ്രറി, ലാബുകൾ, ശൗചാലയങ്ങൾ എന്നിയും സജ്ജീകരിക്കും. പദ്ധതിക്ക് വിശദമായ രൂപരേഖ തയ്യാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും അതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വരികയാണെന്നും എം.എൽ.എ അറിയിച്ചു. പരിമിതികൾക്കും പരാധീനതകൾക്കും നടുവിലാണ് വർഷങ്ങളായി ആനപ്പാറ ഗവ. ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ തവണയും നൂറുശതമാനം വിജയം നേടാൻ ഈ സ്കൂളിനായി. സ്കൂളിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി കേരള കൗമുദി നിരവധി പ്രാവശ്യം വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് എം.എൽ.എ പ്രശ്നത്തിൽ ബന്ധപ്പെടുകയും സ്കൂൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
ശബരീനാഥൻ എം.എൽ.എയ്ക്കൊപ്പം പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ മനോജ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ ജ്യോത്സ്ന, അദ്ധ്യാപകരായ ഷിബു, അനീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ആർ. രാജേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ സുരേഷ് കുമാർ, ഉദയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.