തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി വിവാഹ വേദിയാവുന്നത് കേരള ചരിത്രത്തിൽ ഇത് മൂന്നാം തവണ. ഇതിൽ രണ്ട് വിവാഹങ്ങൾ ക്ലിഫ്ഹൗസിൽ . ഒരെണ്ണം റോസ് ഹൗസിലും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം അങ്ങനെ ചരിത്രത്തിലും ഇടം നേടി. മക്കൾ വിവാഹം മാത്രമായിരുന്നു മൂന്ന് തവണയും. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കേരളത്തിലാരും വിവാഹിതരായിട്ടില്ല. ഏഴ് നേതാക്കൾ മുഖ്യമന്ത്രിമാരായിരിക്കെ, മക്കൾ വിവാഹിതരായിട്ടുണ്ടെങ്കിലും നാല് വിവാഹങ്ങളും ഔദ്യോഗിക വസതിക്ക് പുറത്തായിരുന്നു.
തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ പുത്രി സുമതിയാണ് ക്ലിഫ്ഹൗസിൽ വച്ച് വിവാഹിതയായ ആദ്യത്തെ മകൾ. 1955 ഡിസംബർ 13ന്. പ്രതിരോധവകുപ്പിൽ എൻജിനിയറായിരുന്ന മുകുന്ദൻമേനോനായിരുന്നു ഭർത്താവ്. ചടങ്ങിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ഔദ്യോഗിക വസതിയിൽ വച്ചുള്ള ആദ്യ വിവാഹം , തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരു-കൊച്ചി ആദ്യ മുഖ്യമന്ത്രിയുമായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയുടെ മകൾ ലീലയുടേതാണ് . റോസ് ഹൗസിൽ . 1950 മാർച്ച് 24ന് . ലളിതമായിരുന്നു ചടങ്ങ്. ഒരു ബോണ്ട, ഒരു പഴം, ഒരു ഓറഞ്ച്, ബിസ്കറ്റ്, ശീതളപാനീയം എന്നിവയാണ് വിളമ്പിയത്.
1970 മാർച്ച് 27ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൾ സതിയുടെ വിവാഹം കനകക്കുന്ന് കൊട്ടാരത്തിൽ വച്ചായിരുന്നു. അതിഥികൾക്ക് ഒാരോ ഗ്ലാസ്സ് നാരങ്ങാവെള്ളം. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ മകൻ കെ. മുരളീധരന്റെ വിവാഹം നടന്നത് ഗുരുവായൂർ ക്ഷേത്രത്തിൽ. 1985 ജനുവരി 27ന്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ മകൾ ഉഷ 1987 ഡിസംബർ 27ന് വിവാഹിതയായത് കോട്ടയ്ക്കകം ശ്രീവൈകുണ്ഠം കല്യാണമണ്ഡപത്തിൽ. അഞ്ച് മിനിറ്റ് നീണ്ട ചടങ്ങ് അവസാനിച്ചത് മുഖ്യമന്ത്രിയുടെ നന്ദിപ്രസംഗത്തോടെ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, മകൾ മറിയയുടെ രണ്ടാം വിവാഹം പള്ളിയിലായിരുന്നെങ്കിലും, ക്ലിഫ്ഹൗസിൽ ലളിതമായ ചായസൽക്കാരമൊരുക്കി. ഐ.ടി പ്രൊഫഷണൽ വറുഗീസ് ജോർജായിരുന്നു വരൻ . വീണയുടെയും റിയാസിന്റെയും രണ്ടാം വിവാഹമാണ്.
ഇന്നലെ നടന്നത്..