തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ടി.കമലയുടെയും മകൾ ടി. വീണയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്നലെ രാവിലെ 10.30ന് ലളിതമായ ചടങ്ങുകളോടെ ക്ലിഫ്ഹൗസിൽ നടന്നു. കോഴിക്കോട് സ്വദേശി റിട്ട. പൊലീസ് ഒാഫീസർ പി.എം. അബ്ദുൾഖാദറിന്റെയും കെ.എം. അയിഷാബീവിയുടെയും മകനാണ് റിയാസ്.
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും അടുത്ത ബന്ധുക്കളും, റിയാസിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മക്കളുൾപ്പെടെ പത്തോളം പേരുമാണ് പങ്കെടുത്തത്. റിയാസിന്റെ മാതാപിതാക്കൾക്ക് 65 വയസ് കഴിഞ്ഞതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് ,തിരുവനന്തപുരത്തേക്കുള്ള യാത്ര ഒഴിവാക്കി. ക്ലിഫ് ഹൗസിന് ചുറ്റിലുമായി മന്ത്രിമാർ പലരും താമസമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി ഇ.പി. ജയരാജൻ മാത്രമാണ് കുടുംബസമേതം പങ്കെടുത്തത്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള സി.പി.എം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായരും, ജില്ലാ സെക്രട്ടേറിയറ്റംഗവും ടൈറ്റാനിയം ചെയർമാനുമായ എ.എ. റഷീദും കുടുംബസമേതം പങ്കെടുത്തു.
ആദ്യം വിവാഹ രജിസ്റ്ററിൽ ഒപ്പുവച്ച ശേഷം റിയാസ് വീണയുടെ കഴുത്തിൽ താലി കെട്ടി. ഇരുവരും മാല ചാർത്തി ബൊക്കെകൾ കൈമാറിയതോടെ ചടങ്ങ് അവസാനിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യയും സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യയും പി.ബി അംഗം എം.എ. ബേബിയും ഭാര്യയും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, ചീഫ്സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും ആശംസകളറിയിക്കാനെത്തി. ഉച്ച ഭക്ഷണത്തിന് നോൺവെജ് മെനു. ചോറ്, ബിരിയാണി, ഇറച്ചി, മീൻ, ചപ്പാത്തി, പൂരി, പായസം എന്നിവ വിഭവങ്ങൾ. വധൂവരന്മാർക്ക് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ സമൂഹമാദ്ധ്യമങ്ങളിലൂടെ ആശംസ നേർന്നു.