*തലസ്ഥാനത്ത് മരിച്ചത് കൂലിത്തൊഴിലാളി, സ്രവം പരിശോധിച്ചത് മരണശേഷം
* സംസ്ഥാനത്ത് ഇന്നലെ 82 പേർക്ക് രോഗബാധ,
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം തലസ്ഥാനത്ത് വെള്ളിയാഴ്‌ച മരിച്ചയാൾക്ക് കൊവിഡ് ബാധ കണ്ടെത്തിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വഞ്ചിയൂർ സ്വദേശി എസ്. രമേശനാണ് (67) മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 20ആയി.
മരണപ്പെട്ടയാൾക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തമല്ല. ശ്വാസകോശ രോഗബാധിതനായിരുന്നു. രണ്ട് മാസത്തോളം ജോലിക്ക് പോയിരുന്നില്ല. അടുത്തിടെ ഹൃദ്രോഗത്തിനും ചികിത്സിച്ചിരുന്നു. കഴിഞ്ഞ 23ന് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വീട്ടിലേക്ക് മടക്കി. വെള്ളിയാഴ്‌ച ആരോഗ്യനില വഷളായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് മരിച്ചു. തുടർന്നാണ് സ്രവ പരിശോധന നടത്തിയത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
സംസ്ഥാനത്ത് ഇന്നലെ ഒൻപത് പേർക്ക് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായി. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും മലപ്പുറത്ത് ഒരാൾക്കും. ഇന്നലെ രോഗം ബാധിച്ചതിൽ 49 പേർ വിദേശ രാജ്യങ്ങളിലും 23 പേർ ഇതര സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. 73 പേർ ഇന്നലെ രോഗമുക്തി നേടി.
ആകെ രോഗബാധിതർ -2542
ചികിത്സയിലുള്ളവർ -1348
രോഗമുക്തി നേടിയവർ-1,174
അഞ്ച് ഹോട്ട്
സ്‌പോട്ടുകൾ കൂടി
തൃശൂർ - അളഗപ്പ നഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കാസർകോട് - കിനാനൂർകരിന്തളം, കണ്ണൂർ - തലശ്ശേരി പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 125 .