vanam

തിരുവനന്തപുരം: ജാപ്പനീസ് കൃഷി രീതിയായ മിയാവാക്കി മാതൃകയിൽ വനം വച്ച് പിടിപ്പിക്കുന്ന പദ്ധതിക്ക് കേരളത്തിലാദ്യമായി പൂജപ്പുര ജില്ലാ ജയിലിൽ തുടക്കമായി. പച്ചതുരുത്ത് പുനസൃഷ്ടിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന ജൈവ വൈവിദ്ധ്യത്തെ തിരികെ കൊണ്ടുവരാനുമുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജയിലിന്റെ മുൻവശത്ത് മാലിന്യം നിർമ്മാർജനം ചെയ്യാൻ നിശ്ചയിച്ചിരുന്ന 20 സെന്റ് സ്ഥലത്താണ് ജയിൽ അധികൃതരും അന്തേവാസികളും ചേർന്ന് 1.5 ലക്ഷം രൂപ ചെലവിൽ വനം നിർമ്മിക്കുന്നത്. 1000 തൈകൾ ആദ്യഘട്ടത്തിൽ വച്ചുപിടിപ്പിച്ചു. ജലവിതരണത്തിനായി പുതിയ കിണറും സജ്ജീകരിച്ചു. ജില്ല ജയിൽ ഡി.ഐ.ജി എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് പദ്ധതിയുടെ ഏകോപനം. ജയിൽ മേധാവി ഋഷിരാജ് സിംഗ് നേരിട്ടെത്തി പദ്ധതി വിലയിരുത്തുകയും ജയിൽ അധികൃതരെയും അന്തേവാസികളെയും അഭിനന്ദിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ ജയിലിലും ഇത് നടപ്പാക്കാൻ നിർദ്ദേശം നൽകിയെങ്കിലും പൂജപ്പുര ജില്ലാ ജയിൽ അധികൃതരാണ് ആദ്യമായി ഇത് നടപ്പിലാക്കിയത്.