തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എം.എസ്.എം.ഇകൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ പാക്കേജിലെ വായ്‌പയിലൂടെ കേരളത്തിലെ സംരംഭകർ ഇതുവരെ നേടിയത് 699.15 കോടി രൂപ. ജൂൺ ഒന്നുമുതലുള്ള കണക്കാണിത്. പൊതുമേഖലാ ബാങ്കുകളിലെ 25,718 അക്കൗണ്ടുകളിലായി 1,109.77 കോടി രൂപയുടെ വായ്‌പാനുമതി ഇതുവരെ നൽകിയിട്ടുണ്ട്. ഇതിൽ വിതരണം ചെയ്‌ത തുകയാണ് 699.15 കോടി രൂപ. 13,982 അക്കൗണ്ടുകൾക്ക് തുക ലഭിച്ചു.
നിക്ഷേപം, വിറ്റുവരവ് എന്നിവ കണക്കാക്കി എം.എസ്.എം.ഇകൾക്ക് പുതിയ നിർവചനം കേന്ദ്ര ധനമന്ത്രാലയം കൊണ്ടുവന്നിരുന്നു. പുതിയ മാനദണ്ഡത്തിൽ ഉൾപ്പെടുന്നവർക്കും വായ്‌പ നേടാം. മേയ് 21നാണ് കേന്ദ്ര കാബിനറ്ര് എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി സ്‌കീം (ഇ.സി.എൽ.ജി.എസ്)
എന്ന മൂന്നുലക്ഷം കോടി രൂപയുടെ പ്രത്യേക വായ്‌പാ പദ്ധതി അംഗീകരിച്ചത്. വായ്‌പാ വിതരണത്തിനായി 41,600 കോടി രൂപയുടെ സാമ്പത്തിക പിന്തുണ ബാങ്കുകൾക്ക് കേന്ദ്രം നൽകിയിട്ടുണ്ട്.
വായ്‌പയ്ക്ക് 100 ശതമാനം കേന്ദ്ര ഗ്യാരന്റിയുണ്ട്. 9.25 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളിൽ പലിശ. നാലു വർഷമാണ് തിരിച്ചടവ് കാലാവധി. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം സംരംഭകന് പുതിയ വായ്‌പയായി ലഭിക്കുക.
മുന്നിൽ തമിഴ്‌നാട്
ജൂൺ 12 വരെയുള്ള കണക്കുപ്രകാരം ഇ.സി.എൽ.ജി.എസ് പദ്ധതിയിലൂടെ പൊതുമേഖലാ ബാങ്കുകൾ വിതരണം ചെയ്‌തത് 16,031.39 കോടി രൂപയാണ്. ആകെ വായ്‌പാനുമതി 32,049.86 കോടി രൂപ. 98,584 അക്കൗണ്ടുകൾക്കായി 3,342.06 കോടി രൂപയുടെ വായ്‌പാനുമതി നേടി തമിഴ്‌നാട് ആണ് ഒന്നാംസ്ഥാനത്ത്. 52,568 അക്കൗണ്ടുകളിലായി തമിഴ്‌നാട്ടിൽ ഇതുവരെ 2,071.89 കോടി രൂപ വിതരണം ചെയ്‌തു.
മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആകെ വായ്‌പാ അനുമതി :
(തുക കോടിയിൽ)
ഉത്തർപ്രദേശ് : ₹3,337.38
ഗുജറാത്ത് : ₹3,253.87
മഹാരാഷ്‌ട്ര : ₹3,229.31
കർണാടക : ₹1,910.87
ആന്ധ്രപ്രദേശ് : ₹1,713.40
രാജസ്ഥാൻ : ₹1,975.21
45 ലക്ഷം
ആത്മനിർഭർ വായ്‌പയുടെ പ്രയോജനം 45 ലക്ഷം എം.എസ്.എം.ഇകൾക്ക് ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
₹ 14,559.89
എസ്.ബി.ഐയാണ് ഇതുവരെ ഏറ്റവുമധികം തുക വായ്‌പാനുമതി നൽകിയതും വിതരണം ചെയ്‌തതും. വായ്‌പാനുമതി 1.50 ലക്ഷം അക്കൗണ്ടുകൾക്കായി 14,559.89 കോടി രൂപ. വിതരണം ചെയ്‌തത് 82,770 അക്കൗണ്ടുകളിലായി 8,776.19 കോടി രൂപ.