nagarasabha

തിരുവനന്തപുരം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ ടെറസിൽ ആരംഭിച്ച പച്ചക്കറി തോട്ടത്തിൽ സമയം ക്രമീകരിക്കുന്നതിനനുസരിച്ച് ഓരോ ചെടികൾക്കും വെള്ളം ലഭ്യമാവുന്ന മൊബൈൽ നിയന്ത്രിത പദ്ധതിക്ക് തുടക്കമായി. സ്മാർട്ട് ഗോ എന്ന മൊബൈൽ ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം വഴിയുള്ള പദ്ധതിയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. സ്റ്റാർട്ട് അപ്പ് മിഷന് കീഴിലുള്ള ടോൺകാർട്ട് സൊല്യൂഷൻസ് കമ്പനിയാണ് ഇത് തയ്യാറാക്കിയത്. ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഐ.പി. ബിനു ,ടോൺകാർട്ട് സൊല്യൂഷൻസ് സി.ഇ.ഒ പ്രതീഷ്.വി.നായർ, സുമേഷ്, മഹേഷ്, ഷിജിൻ, അനീഷ് എന്നിവർ പങ്കെടുത്തു. പ്ലേ സ്റ്റോറിൽ നിന്ന് സ്മാർട്ട് ഗ്രോ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഒരു തവണ സമയം നിശ്ചയിച്ച് കഴിഞ്ഞാൽ പിന്നെ ഒരു മാസം വരെയോ ഒരു വർഷം വരെയോ കൃഷി തോട്ടത്തിൽ വെള്ളം ലഭ്യമാക്കേണ്ട സമയം തിരഞ്ഞെടുക്കാം. അതനുസരിച്ച് ചെടികളിൽ ആട്ടോമാറ്റിക് ആയി വെള്ളം നനയ്ക്കും. ഇതിന് ഓരോ ചെടിക്കും ആവശ്യമായ ജലാംശം നിർണയിക്കുന്ന സെൻസറുണ്ട്. 150 മുതൽ 180 വരെ ചെടിച്ചട്ടികൾക്ക് വെള്ളമെത്തിക്കാവുന്ന സ്മാർട്ട് ഗ്രോ സ്മാർട്ട് ഇറിഗേഷൻ സിസ്റ്റത്തിന്റെ വില 15,000 രൂപയാണ്. ജോലിത്തിരക്കുള്ളവർക്കും വീട്ടിൽ നിന്നും വിട്ടുനിൽക്കുന്നവർക്കും കൃഷി ചെയ്യുന്നതിന് പ്രയോജനകരമാകുന്ന ഈ പദ്ധതിക്ക് കൃഷിഭവൻ മുഖേന സബ്സിഡിയും ലഭിക്കും.