തിരുവനന്തപുരം: എം.ജി. രാധാകൃഷ്ണന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷൻ വർഷംതോറും നടത്തുന്ന 'ഘനശ്യാമസന്ധ്യ' എന്ന അവാർഡ് നിശയ്ക്ക് പദ്മജയാണ് നേതൃത്വം നൽകിയിരുന്നത്. തലസ്ഥാനത്തെ കലാസാംസ്‌കാരിക സദസുകളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു അവർ. പദ്മജയുടെ അപ്രതീക്ഷിത വിയോഗം സംഗീതരംഗത്തെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.
നാലു വർഷത്തോളം സൂക്ഷിച്ച പ്രണയത്തിനൊടുവിലാണ് എം.ജി.രാധാകൃഷ്ണനെ പദ്മജ വിവാഹം കഴിക്കുന്നത്. പദ്മജയുടെ ധാരാളം ലളിതഗാനങ്ങൾക്ക് എം.ജി.രാധാകൃഷ്ണൻ ഈണം നൽകിയിരുന്നു. എം.ജി.രാധാകൃഷ്ണന്റെ മനോഹരമായ പെയിന്റിംഗ് പദ്മജ സൃഷ്ടിച്ചത് ഇപ്പോഴും തൈക്കാട് 'മേടയിൽ വീട്ടി'ൽ ഉണ്ട്.
'മണിച്ചിത്രത്താഴിന്' നിരവധി അവാർഡുകൾ കിട്ടിയിട്ടും സംഗീതത്തിന് പുരസ്കാരം കിട്ടാത്തതിലെ നിരാശ എപ്പോഴും ഉണ്ടായിരുന്നു. അതിനെ കുറിച്ച് ഒരിക്കൽ പദ്മജ പറഞ്ഞതിങ്ങനെ ''പല അവാർഡുകളും മണിച്ചിത്രത്താഴിനു ലഭിച്ചു. പക്ഷേ, സ്റ്റേറ്റ് അവാർഡും നാഷനൽ അവാർഡും കിട്ടിയില്ല. അതിപ്പോഴും എനിക്കുള്ളിൽ ഒരു തീരാവേദനയായി ഉണ്ട്. ചേട്ടന് അതിൽ ദുഃഖമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എനിക്കൊരു തീരാവേദനയാണ് അത്. ഇതിന്റെ പിന്നിലുള്ള പ്രയത്നം എത്രത്തോളമായിരുന്നു എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അങ്ങനെ ഒരു മാസ്റ്റർ പീസിനു കിട്ടാതെ പോകുമ്പോഴുണ്ടാകുന്ന വേദനയുണ്ടല്ലോ അതെനിക്ക് എത്ര വർഷം കഴിഞ്ഞാലും മാറില്ല. ദേശീയ അവാർഡിനു പോയപ്പോൾ മണിച്ചിത്രത്താഴിന് എട്ട് അവാർഡ്. പക്ഷേ, സംഗീതത്തിനു മാത്രം ഉണ്ടായിരുന്നില്ല. ആ വർഷം മ്യൂസിക്കിനു മലയാളത്തിനു കിട്ടി. പൊന്തൻമാടയിലെ റീ റെക്കോർഡിങ്ങിനായിരുന്നു അവാർഡ്. സ്റ്റേറ്റ് അവാർഡും നാഷനൽ അവാർഡും നമ്മൾ വലിയ ഒരു അംഗീകാരമായി കാണുന്നതാണല്ലോ. അതുകിട്ടാമായിരുന്നിട്ടും കിട്ടിയില്ല എന്നതുതന്നെയാണ് വേദന. ഞാൻ എന്നിട്ട് അപ്പോഴൊക്കെ ചിന്തിക്കുമായിരുന്നു ആഹരി പാടിയതുകൊണ്ടാണോ ഇനിയിപ്പോ അവാർഡു കിട്ടാതെ പോയത്. വേണമെങ്കില്‍ അങ്ങനെയും ചിന്തിക്കാമല്ലോ. നമ്മുടെ ആശ്വാസത്തിന്. അല്ലാതെ വിശ്വാസമുണ്ടായിട്ടല്ല. കിട്ടിയില്ല. അതുകൊണ്ട് ഇങ്ങനെ ചിന്തിച്ച് ആശ്വസിക്കുമായിരുന്നു. ''
ഏതാനും ദിവസം മുമ്പ് മൗത്ത് ഓർഗൺ വായിക്കുന്നതിന്റെ വിഡിയോ പത്മജ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘ഒരു ലോക്ക് ഡൗൺ ചലഞ്ച്. തെറ്റുകൾ ഉണ്ടാകാം പൊറുക്കുക. ആദ്യ പരിശ്രമമാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു പദ്മജയുടെ പോസ്റ്റ്. ഈ വീഡിയോ ആണ് ഇന്നലെ സിനിമാ പ്രവർത്തരെല്ലാം അവരുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ഇതുപോലെ വേറെയും വീഡിയോകൾ നല്ല രീതിയിൽ ഒരുക്കാമെന്ന് സംവിധായകൻ പ്രാസാദ് നൂറനാട് പദ്മജയോടു പറഞ്ഞിരുന്നു. പക്ഷെ, എല്ലാ പദ്ധതികളും പാതി വഴിയിലാക്കി പദ്മജ പോയി.
'' വീഡിയോകളൊക്കെ ചെയ്യുന്ന കാര്യത്തിൽ പപ്പേച്ചി വളരെയധികം താത്പര്യം പ്രകടിപ്പിച്ചിരുന്നു. എല്ലാ കാര്യത്തിലും ചേച്ചി വളരെ സ്മാർട്ട് ആയിരുന്നു. ഒന്നിനും പിന്നോട്ടു നിൽക്കാറില്ല. വിഡിയോ ഷൂട്ടിനെക്കുറിച്ചു പറഞ്ഞ് ചേച്ചി അയച്ച മെസേജുകൾ ഇപ്പോഴും എന്റെ ഫോണിൽ ഉണ്ട്. ഇത് തികച്ചും അപ്രതീക്ഷിത വിയോഗമാണ്. അത് എന്നെ ഏറെ നൊമ്പരപ്പെടുത്തന്നതും''- പ്രസാദ് പറയുന്നു.