തിരുവനന്തപുരം: സംസ്ഥാനത്ത് ഒടുവിൽ സംഭവിച്ച കൊവിഡ് മരണത്തിൽ മെഡിക്കൽ കോളേജിനൊപ്പം ജനറൽ ആശുപത്രിക്കും ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപമുയർന്നു. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സതേടിയെത്തിയ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി രമേശനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല.
ശ്വാസകോശ പ്രശ്‌നങ്ങളുമായി എത്തുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഐ.സി.എം.ആർ മാർഗനിർദ്ദേശത്തിൽ പറയുന്നത്. ഇത് ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ പാലിച്ചില്ല. രമേശൻ ദീർഘകാലമായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞമാസം 23നാണ് രമേശനെ ജനറൽ ആശുപത്രിയിലെത്തിച്ചത്. 28ന് ഡിസ്ചാർജ് ചെയ്തു. ഈമാസം 10ന് ശ്വാസതടസമുണ്ടായതോടെ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. ചികിത്സനൽകിയ ശേഷം 11ന് മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലെത്തിച്ചു. 12ന് വീട്ടിൽവച്ചാണ് മരണം സംഭവിച്ചത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് സ്രവപരിശോധന നടത്തിയത്. 20 ദിവസത്തോളം രണ്ടിടത്തുമായി ചികിത്സ തേടിയിട്ടും സ്രവപരിശോധന നടത്തിയില്ലെന്നതാണ് ആശുപത്രി അധികൃതരുടെ വീഴ്ച. നേരത്തെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ കാര്യത്തിലും സമാനമായ വീഴ്ച സംഭവിച്ചിരുന്നു.
പൊലീസുകാരും നിരീക്ഷണത്തിൽ, സമൂഹവ്യാപന സൂചന
രമേശന്റെ മരണത്തെതുടർന്ന് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ നാലു പൊലീസുകാരെ കൊവിഡ് നിരീക്ഷണത്തിലേക്ക് മാറ്റി.
മരിച്ച ശേഷമാണ് രമേശനെ ആശുപത്രിയിലെത്തിച്ചത്. അതിനാൽ ആശുപത്രിയിൽ നിന്നു പൊലീസ് സ്റ്റേഷന് വിവരം കൈമാറി. തുടർനടപടികൾക്കായി മകൻ സ്റ്റേഷനിലെത്തിയാണ് സ്റ്റേറ്റ്‌മെന്റ് നൽകിയത്. ഇത് രേഖപ്പെടുത്തിയ പൊലീസുകാരും അദ്ദേഹവുമായി ബന്ധപ്പെട്ടവരുമാണ് നിരീക്ഷണത്തിൽ പോയത്. സ്റ്റേഷൻ അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചു. രമേശന്റെ മക്കൾ, ഇവരുമായി സമ്പർക്കം പുലർത്തിയവർ, 12ന് വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ തുടങ്ങിയവരും നിരീക്ഷണത്തിൽ പോകും. വിദേശ, ഇതരസംസ്ഥാന യാത്രാചരിത്രമോ അത്തരക്കാരുമായി സമ്പർക്കമോ ഉണ്ടാകാതിരുന്നിട്ടും രോഗം ബാധിച്ചത് സമൂഹവ്യാപനത്തിന്റെ സൂചന ബലപ്പെടുത്തുന്നു.