കോവളം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്ത് തീ പിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് നാലോടെ വിഴിഞ്ഞത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിച്ചത്. വിഴിഞ്ഞം ഡിപ്പോയ്‌ക്ക് തൊട്ടടുത്ത പാലത്തിന് സമീപമായിരുന്നു സംഭവം. ഈ സമയം 15 യാത്രക്കാർ ബസിലുണ്ടായിരുന്നു. സ്റ്റാർട്ടറിന് സമീപത്തുനിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിറുത്തിയശേഷം സമീപത്തെ കടയിൽ നിന്ന് വെള്ളം വാങ്ങിയൊഴിച്ച് തീ അണയ്‌ക്കുകയായിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് അധികൃതർ അറിയിച്ചു.