തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സുശീൽഖന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പാക്കാനാവില്ലെന്ന് പുതിയ എം.ഡിയായി ചുമതലയേറ്റ ബിജു പ്രഭാകർ പറഞ്ഞു.
80 ശതമാനം നിർദ്ദേശങ്ങൾ ഫലവത്താണ്. മദ്ധ്യനിര മാനേജ്‌മെന്റിൽ പ്രൊഫഷണലുകളെ നിയമിക്കുക, ഭരണസമിതി പരിഷ്‌കരിക്കുക തുടങ്ങിയവ നടപ്പാക്കാൻ ബുദ്ധിമുട്ടാണ്. കഴിവുള്ള ജീവനക്കാരുണ്ട്. അവരെ വിശ്വാസത്തിലെടുത്താവണം പുനരുദ്ധാരണം . ജീവനക്കാരുടെ എണ്ണം കുറയ്ക്കുക പ്രായോഗികമല്ല. സാങ്കേതിക മേഖലയിൽ ഖന്ന റിപ്പോർട്ട് പൂർണ്ണമല്ല.കൂട്ടിച്ചേർക്കലുകൾ വേണം. സമ്പൂർണ്ണ കമ്പ്യൂട്ടർവത്കണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിക്കും
.പൊതുഗതാഗതം
ലാഭമുണ്ടാക്കാനല്ല
ഏത് ബസാണ് ലാഭത്തിലുള്ളത് ,നഷ്ടമുണ്ടാക്കുന്നതെന്ന വ്യക്തമായ ധാരണ ലഭിക്കണമെന്നും, മൂന്ന് വർഷത്തിനുള്ളിൽ സ്ഥാപനത്തെ മെച്ചപ്പെടുത്താനാവുമെന്നും ബിജു പ്രഭാകർ പറഞ്ഞു. ബസ് ചാർജ് വർദ്ധിപ്പിക്കുന്നതിലൂടെ വരുമാനം ഉയരുമെങ്കിലും, യാത്രക്കാർ ഇരുചക്രവാഹനങ്ങളിലേക്ക് നീങ്ങും. പൊതുഗതാഗതം ലാഭമുണ്ടാക്കാനുള്ള വഴിയല്ല. കാറിൽ യാത്ര ചെയ്യുന്നവരെ ബസുകളിലേക്ക് ആകർഷിക്കാനാകില്ല. പകരം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവരെ ബസുകളിലേക്ക് എത്തിക്കാൻ കഴിയണം. ഒരു ബസിന് 30 ഇരുചക്രവാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ഒഴിവാക്കാനാകും. ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറയും. പൊതുഗതാഗതം ശക്തിപ്പെടുത്തി സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്ക്കുകയാണ് പ്രായോഗികമാർഗം. ബസ് സ്റ്റാൻഡുകളിൽ ബൈക്ക് പാർക്കിംഗും , ലോക്കറുകളും, വിശ്രമകേന്ദ്രങ്ങളും ഒരുക്കിയാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാം. സ്റ്റാൻഡുകളിൽ സ്ത്രീ യാത്രക്കാർക്ക് വിശ്രമസങ്കേതത്തിന് പ്രഥമ പരിഗണന നൽകും.
നിലവിലെ സ്ഥിതിയിൽ പെൻഷൻ സർക്കാർ ഏറ്റെടുക്കേണ്ടിവരും. മൂന്ന് മാസത്തേയ്ക്ക് സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാനാവില്ല. ഇനി ഇലക്ട്രിക് ബസുകളുടെ കാലമാണ്. അതിനോട് മുഖം തിരിച്ചിട്ട് കാര്യമില്ല. ബസ് വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ഇതെല്ലാം പരിഗണിക്കും.