കല്ലമ്പലം: മൂർഖനെ പിടികൂടാനുള്ള ശ്രമത്തിനിടെ പാമ്പ് പിടിത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. മംഗലാപുരം വെയിലൂർ ശാസ്തവട്ടം റബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെയും പരേതയായ ഐഷാബീവിയുടെയും മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി എട്ടരയോടെ നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ അഞ്ചു വയസുള്ള മൂർഖനെ പിടികൂടുന്നതിനിടയിലാണ് കൈയിൽ കടിയേറ്റത്. വായിൽ നിന്ന് നുരയും പതയും വന്ന സക്കീറിനെ ഉടൻ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പിനെ പിന്നീട് വാവ സുരേഷ് സ്ഥലത്തെത്തി പിടികൂടി.സക്കീറിനെ മുമ്പുംപാമ്പു കടിച്ചിട്ടുണ്ട്.
11 വർഷമായി പാമ്പ് പിടിക്കുന്ന സക്കീർ ഹുസൈൻ പ്രതിഫലം വാങ്ങാറില്ല. പിടിക്കുന്ന പാമ്പുകളെ തിരുവനന്തപുരം സ്നേക്ക് പാർക്കിൽ കൊടുക്കുകയാണ് പതിവ്. സ്വന്തമായി വീടുപോലുമില്ലാത്ത സക്കീർഹുസൈനും കുടുംബവും വാടക വീട്ടിലാണ് താമസം. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം നടപടികൾ സ്വീകരിച്ച് ഇന്ന് വൈകിട്ടോടെ പെരുമാതുറ മുസ്ലിം ജമാ അത്തിൽ സംസ്കരിക്കും. ഹസീനയാണ് ഭാര്യ. ഏഴു വയസായ നേഹയും രണ്ടുമാസം പ്രായമുള്ള നിഹയും മക്കൾ.
ചിത്രം: സക്കീർ ഹുസൈൻ