എയ്ബറിനെ 3-1ന് കീഴടക്കി റയൽ മാഡ്രിഡ്
മാഡ്രിഡ് : കൊവിഡ് കാലത്തിന് ശേഷമുള്ള തിരിച്ചുവരവിൽ വിജയപതാക പാറിച്ച് റയൽ മാഡ്രിഡ്. കഴിഞ്ഞ രാത്രി നടന്ന ലാലിഗ മത്സരത്തിൽ എയ്ബറിനെയാണ് റയൽ കീഴടക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുൻ ചാമ്പ്യൻ ക്ളബിന്റെ വിജയം. ഇതോടെ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ പട്ടികയിൽ ബാഴ്സലോണയ്ക്ക് പിന്നിൽ തുടരാനും റയലിന് കഴിഞ്ഞു.
റയലിന്റെ ഹോം മാച്ചായിരുന്നുവെങ്കിലും ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പരിശീലന ഗ്രൗണ്ടായ ഡിസ്റ്റെഫാനോ സ്റ്റേഡിയത്തിൽ കാണികളില്ലാതെയായിരുന്നു എയ്ബറുമായുള്ള മത്സരം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും നേടി മത്സരത്തിൽ ആധിപത്യം പുലർത്തുകയായിരുന്നു സിനദിൻ സിദാന്റെ കുട്ടികൾ.
നാലാം മിനിട്ടിൽ ടോണി ക്രൂസിന്റെ ഗോളോടെയാണ് റയൽ വേട്ട തുടങ്ങിയത്. 30-ാം മിനിട്ടിൽ നായകൻ സെർജി റാമോസും 37-ാം മിനിട്ടിൽ ബ്രസീലിയൻ താരം മാഴ്സലോയുമാണ് ഗോളുകൾ നേടിയത്. 60-ാം മിനിട്ടിൽ ബിഗാസാണ് എയ്ബറിന്റെ ആശ്വാസഗോൾ നേടിയത്. മത്സരത്തിൽ ഗോളുകളൊന്നും നേടിയില്ലെങ്കിലും മികച്ച പ്രകടനത്തിലൂടെ ഗോളവസരങ്ങൾ ഒരുക്കി നൽകിയ റയലിന്റെ ബെൽജിയൻ താരം ഏദൻ ഹസാഡിന്റെ പ്രകടനം ആവേശകരമായിരുന്നു. കാൽക്കുഴയ്ക്ക് പരിക്കേറ്റിരുന്ന ഹസാഡ് ഫെബ്രുവരിക്കുശേഷം റയലിന്റെ കുപ്പായത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്.
28 മത്സരങ്ങളിൽ നിക്ക് 59 പോയിന്റാണ് റയലിന്റെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് 61 പോയിന്റുമായാണ് ലയണൽ മെസിയുടെ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ 1-1ന് അത്ലറ്റിക് ക്ളബ് സമനിലയിൽ തളച്ചിരുന്നു. 37-ാം മിനിട്ടിൽ അത്ലറ്റിക് ക്ളബിനായി മുനിയെയ്നും 37-ാം മിനിട്ടിൽ അത്ലറ്റിക്കോ മാഡ്രിഡിനായി ഡീഗോ കോസ്റ്റയുമാണ് ഗോളുകൾ നേടിയത്.
റയൽ Vs എയ്ബർ
മത്സരത്തിലെ ഗോളുകൾ
1-0
4-ാം മിനിട്ട്
ടോണി ക്രൂസ്
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കരിംബെൻസേമയുടെ സുന്ദരമായ പാസ് ഫസ്റ്റ് ടൈം ഷോട്ടിലൂടെ ടോണി ക്രൂസ് വലയിലാക്കി.
2-0
30-ാം മിനിട്ട്
സെർജിയോ റാമോസ്
റാമോസും ബെൻസേമയും ഏദൻ ഹസാഡും ചേർന്ന് നടത്തിയ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് റാമോസ് നേടിയ ഗോൾ
3-0
37-ാം മിനിട്ട്
മാഴ്സെലോ
ബെൻസേമയുടെ പാസിൽ നിന്നാണ് മാഴ്സെലോ ടീമിന്റെ മൂന്നാം ഗോൾ നേടിയത്.
3-1
60-ാം മിനിട്ട്
ആദ്യപകുതിയിൽ ഉണർന്നു കളിച്ച എയ്ബറിനായി ഡിബ്ളസിസിന്റെ ക്രോസിൽ നിന്ന് ബിഗാസ് സ്കോർ ചെയ്തു.
200
റയൽമാഡ്രിഡിന്റെ പരിശീലകനെന്ന നിലയിൽ സിനാദിൻ സിദാന്റെ 200-ാം മത്സരമായിരുന്നു എയ്ബറിന് എതിരായുള്ളത്. റയലിന്റെ കോച്ചായി 200 മത്സരങ്ങൾ തികയ്ക്കുന്ന മൂന്നാമത്തെ കോച്ചാണ് സിദാൻ.
19
ഈ സീസണിൽ റയൽമാഡ്രിഡിനായി സ്കോർ ചെയ്യുന്ന 19-ാമത്തെ താരമാണ് മാഴ്സെലോ. ഈ സീസണിൽ യൂറോപ്പിലെ അഞ്ച് ടോപ് ലീഗുകളിലും ഇത്രയേറെ കളിക്കാർ ഗോളടിച്ച മറ്റൊരു ടീമില്ല.
പോയിന്റ് പട്ടിക
(ടീം, കളി, പോയിന്റ് ക്രമത്തിൽ)
ബാഴ്സലോണ 28-61
റയൽമാഡ്രിഡ് 28 - 59
സെവിയ്യ 28-50
സോസിഡാഡ് 28-47
ഗെറ്റാഫെ 28-46