jishnu-

നാട്ടക്കൽ (കാസർകോട് ): വീടിനകത്തു മരിച്ച നിലയിൽ കാണപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌ മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെസ്റ്റ്‌ എളേരി നാട്ടക്കൽ കുന്നിലെ ദിനേശൻ ലക്ഷ്മി ദമ്പതികളുടെ മകൻ ജിഷ്ണു (15)വിന്റെ മൃതദേഹമാണ് പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തേക്കു മാറ്റിയത്. ഇന്നലെ രാവിലെയാണ് കിടപ്പ് മുറിയിൽ ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ജിഷ്ണുവിന്റെ മൃതദേഹത്തിൽ കഴുത്തിന്റെ ഇരുവശവും ചില പാടുകൾ കണ്ടെത്തിയതോടെ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സർജൻ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസ് ജിഷ്ണുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ചില തെളിവുകൾ ലഭിച്ച പൊലീസ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റ് മോർട്ടം നടത്തണമെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. .

നിലവിൽ അസ്വാഭാവിക മരണത്തിനാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.നാട്ടക്കൽ കുന്നിലെ ദിനേശൻ-ലക്ഷ്മി ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ് ജിഷ്ണു. ഇത്തവണ മാലോത്ത്‌ കസബ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ നിന്നും എസ്‌. എസ്‌. എൽ. സി. പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ജിഷ്ണു. സഹോദരൻ വിഷ്ണു.