തിരുവനന്തപുരം :തലസ്ഥാനത്ത് ഉണ്ടാകുന്ന കൊവിഡ് മരണങ്ങളുടെ ഉറവിടം അവ്യക്തം. സമൂഹത്തിൽ പലരുമായും സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണ് മരിക്കുന്നവരെല്ലാം. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ശക്തമായി പാലിക്കണമെന്നതിന്റെ സൂചനകൂടിയാണിത്. ഇത്തരത്തിലുള്ള മരണങ്ങൾ നാടിനെ ഒന്നാകെ ആശങ്കയിലാഴ്‌ത്തും.ല ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം നാലുപേരാണ് തിരുവനന്തപുരത്ത് മരിച്ചത്. ഇതിൽ ഒരാൾ തെലങ്കാന സ്വദേശിയാണ്. മറ്റുള്ള മൂന്നു പേരും തലസ്ഥാനവാസികളാണ്. ട്രെയിൻ മാറി തലസ്ഥാനത്ത് എത്തിയ തെലങ്കാന സ്വദേശി ഒഴികെ മറ്റുള്ള മൂന്നു പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ മരിച്ച വഞ്ചിയൂർ സ്വദേശി രമേശനെ (67) കൂടാതെ നേരത്തെ മരണമടഞ്ഞ പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് (68), നാലാഞ്ചറിയിലെ വൈദികനായ കെ.ജി.വർഗീസ് (77) എന്നിവർക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് വ്യക്തമല്ല.
അബ്ദുൾ അസീസ് മരിക്കുന്നതിന് രണ്ടുദിവസം മുൻപ് കൊവിഡ് കണ്ടെത്തി. മറ്റുള്ള രണ്ടുപേരും മരിച്ച ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. അസീസ് പങ്കെടുത്ത ചില വിവാഹ ചടങ്ങുകളിൽ വിദേശത്ത് നിന്നെത്തിയവർ പങ്കെടുത്തതായി ആരോഗ്യവകുപ്പ് കണ്ടെത്തിയെങ്കിലും വ്യക്തമായ സ്ഥിരീകരണം ഉണ്ടായില്ല. വൈദികൻ കെ.ജി.വർഗീസ് അപകടത്തെ തുടർന്ന് മെഡിക്കൽ കോളേജിലും പേരൂർക്കട ജില്ലാ ആശുപത്രിയിലും ഒന്നരമാസത്തോളം ചികിത്സയിലായിരുന്നു. ഇതിനിടയിൽ കൊവിഡ് കണ്ടെത്താനായില്ല. മരണശേഷം സ്രവപരിശോധന നടത്തി ഫലം പോസിറ്റീവായി. ഇന്നലെ മരിച്ച രമേശന്റെ കാര്യത്തിലും സ്ഥിതി സമാനമാണ്. ശ്വാസകോശ പ്രശ്‌നങ്ങളുമായി ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിയെങ്കിലും കൊവിഡ് കണ്ടെത്താനായില്ല. പ്രായാധിക്യവും നേരത്തെ രോഗങ്ങളുള്ളവരുമാണ് മരണപ്പെടുന്നത്. ഇതാണ് കൊവിഡ് ഉയർത്തുന്ന വെല്ലുവിളി. പ്രായമായവരെയും കുട്ടികളെയും ഹൈറിസ്ക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നതും അതിനാലാണ്. ഇക്കൂട്ടർക്ക് രോഗംബാധിച്ചാൽ അതിവേഗം അത് മരണത്തിന് കാരണമാകും. മറ്റു രോഗങ്ങളുള്ളവർ കൊവിഡ് ബാധിച്ച് ചികിത്സതേടിയാൽ ഡോക്ടർമാർ നേരത്തെയുള്ള രോഗത്തിന്റെ തുടർച്ചയായി കണക്കാക്കും.ഇത് സ്ഥിതി വഷളാക്കും.