ടൂറിൻ : യുവന്റസും നാപ്പോളിയും തമ്മിലുള്ള കോപ്പ ഇറ്റാലിയ ഫുട്ബാൾ ഫൈനൽ നാളെ ഇന്ത്യൻ സമയം രാത്രി 12.30 മുതൽ നടക്കും. നാപ്പോളിയുടെ തട്ടകമായ ഒളിമ്പിക്കോ സ്റ്റേഡിയത്തിലാണ് മത്സരം. കൊവിഡിന് ശേഷം ആദ്യമായി നടന്ന രണ്ടാം പാദ സെമിഫൈനലിൽ എ.സി. മിലാനോട് ഗോൾരഹിത സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ഗോളിന്റെ മികവിലാണ് യുവന്റസ് ഫൈനലിലെത്തിയത്. രണ്ടാംപാദ സെമിയിൽ ഇന്റർമിലാനുമായി സമനിലയിൽ പിരിഞ്ഞ നാപ്പോളി ആദ്യപാദത്തിലെ വിജയത്തിന്റെ മികവിലാണ് ഫൈനലിൽ എത്തിയത്.
പ്രിമിയർ ലീഗിന്
നാളെ തുടക്കമാവും
ലണ്ടൻ : കൊവിഡ് കാരണം മൂന്ന് മാസമായി നിറുത്തിവച്ചിരിക്കുന്ന ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ നാളെ പുനരാരംഭിക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് ആസ്റ്റൺവില്ലയും ഷെഫീൽഡ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെയാണ് പ്രിമിയർ ലീഗിന്റെ രണ്ടാംവരവ്. രാത്രി 12.45ന് മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും തമ്മിലുള്ള മത്സരം നടക്കും.
പ്രിമിയർലീഗ് കിരീടത്തിന് തൊട്ടരികിൽ നിൽക്കുന്ന ലിവർപൂളിന്റെ ആദ്യമത്സരം 21ന് രാത്രി എവർട്ടണുമായാണ്. നാളെ ആഴ്സനൽ മാഞ്ചസ്റ്റർ സിറ്റിയെ തോല്പിക്കുകയാണെങ്കിൽ എവർട്ടനെ കീഴടക്കി ലിവർപൂളിന് കിരീടം ഉറപ്പിക്കാം.
29 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായാണ് ലിവർപൂൾ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 28 മത്സരങ്ങളിൽ നിന്ന് 57 പോയിന്റ് നേടാനായിട്ടുള്ളൂ.