തിരുവനന്തപുരം: സംസ്ഥാനത്ത് വന്ന് ഏഴു ദിവസത്തിനുള്ളിൽ മടങ്ങിപ്പോകുന്നവർക്ക് ഇളവുണ്ടെങ്കിലും എട്ടാം ദിവസം പോയില്ലെങ്കിൽ നടപടി ഉറപ്പാക്കണമെന്ന് നിർദ്ദേശിച്ച് സർക്കാർ ഇന്നലെ പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച് വരുന്നവർ കൊവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ ജില്ലാകളക്ടർമാരിൽ നിന്ന് അനുമതി പത്രം വാങ്ങണം. ഇവർ പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദമായി പ്രതിപാദിച്ചാണ് പുതിയ ഉത്തരവ്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് പരീക്ഷ, വ്യാപാരം, ഔദ്യോഗികാവശ്യങ്ങൾ, രോഗചികിത്സ, കോടതി വ്യവഹാരം, ഭൂമി ഇടപാടുകൾ എന്നിവയ്ക്ക് എത്തുന്നവർക്കാണ് ഇളവ്. ഏഴ് ദിവസം വരെ ക്വാറന്റൈൻവേണ്ട. എട്ടാം ദിവസം പോയില്ലെങ്കിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് നിർബന്ധിത ക്വാറന്റൈനിലേക്ക് മാറ്റും. നിയമനടപടിയും എടുക്കും. തിരിച്ചുപോയിട്ട് കൊവിഡ് സ്ഥിരീകരിച്ചാൽ സംസ്ഥാനത്തെ അറിയിക്കുകയും വേണം.
പരീക്ഷകൾക്കായി പരീക്ഷാതീയതിക്കു മൂന്നുദിവസം മുമ്പേ എത്താനും പരീക്ഷ കഴിഞ്ഞ് മൂന്നു ദിവസം കൂടി തുടരാനും അനുമതിയുണ്ട്. കൊവിഡ് ജാഗ്രതാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നവർ യാത്രോദ്ദേശ്യത്തോടൊപ്പം സ്ഥലത്തെത്തിയ ശേഷമുള്ള അവരുടെ യാത്രാപരിപാടിയുടെ വിശദാംശങ്ങളും ലഭ്യമാക്കണം. താമസസ്ഥലം, പ്രാദേശികമായി ബന്ധപ്പെടേണ്ടയാൾ എന്നിവ അതിലുൾപ്പെടുത്തണം. മാറ്റങ്ങളുണ്ടെങ്കിൽ കാരണസഹിതം അധികൃതരെ അറിയിക്കണം. സന്ദർശകർ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നതും എട്ടാം ദിവസം മടങ്ങുന്നതും ഉറപ്പുവരുത്തേണ്ടത് കളക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും ചുമതലയാണ്.
സംസ്ഥാനത്തെത്തിയാൽ നേരേ താമസസ്ഥലത്തേക്ക് പോകണം. സന്ദർശനോദ്ദേശ്യത്തിൽ ഉൾപ്പെടാത്ത വ്യക്തികളെ കാണുന്നതിനോ ആശുപത്രികളോ പൊതുസ്ഥലങ്ങളോ സന്ദർശിക്കുന്നതിനോ അനുമതിയില്ല.
60 വയസു കഴിഞ്ഞവരുമായും 10 വയസിൽ താഴെയുള്ളവരുമായും സമ്പർക്കത്തിലാവരുത്. വിദ്യാർത്ഥികൾ അനുമതി ലഭിച്ച കാര്യത്തിനല്ലാതെ അവരുടെ മുറിവിട്ടു പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയ കരുതലുകൾ നടപ്പാക്കണം. താമസസ്ഥലത്ത് റൂം സർവീസും ഭക്ഷണ വിതരണ സൗകര്യവും ഉപയോഗപ്പെടുത്താം. മുൻകൂർ അനുമതിയില്ലാതെ യാത്രാപരിപാടി നീട്ടാൻ കഴിയില്ല.
പനി, തൊണ്ടവേദന, ചുമ, ശ്വാസതടസം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളോ കണ്ടാൽ ദിശാ ഹെൽപ്പ്ലൈൻ നമ്പരായ 1056 ൽ ബന്ധപ്പെടണം.