ശ്രീകാര്യം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സയ്ക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം ശ്രീകാര്യത്ത് കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കല്ലമ്പലത്തെ സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് മെഡിക്കൽ കോളേജിലെത്തി, തുന്നലിട്ടതിന് പിന്നാലെയാണ് ഷൈജുവിനെ (40) കാണാതായത്. കൈയിൽ സൂചി കുത്തിയതുമായി (കാനുല) ഇയാൾ എങ്ങനെ രക്ഷപ്പെട്ടെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരനുള്ള സ്വകാര്യ ബാങ്ക് കെട്ടിടത്തിന്റെ തൊട്ടടുത്താണ് മൃതദേഹം കണ്ടത്. ബാങ്കിനു മുന്നിൽ സി.സി ടിവിയുണ്ടെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. പുറത്തേക്കുള്ള ദൃശ്യങ്ങൾ ലഭിക്കാത്ത രീതിയിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പ്രവാസിയായ ഡോ. ഷാജിയുടെ ഉടമസ്ഥതയിലുള്ള ശ്രീകാര്യം ജംഗ്‌ഷന് സമീപത്തെ പുതുവലിൽ ബിൽഡിംഗിന്റെ പിറകുവശത്തെ 20 അടി ഉയരമുള്ള മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ശ്രീകാര്യം ശാഖ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്. കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവ് ശേഖരിച്ചു. പരിശോധനയ്‌ക്കിടെ പൊലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയിരുന്നു. ഉച്ചയ്‌ക്ക് ഒന്നോടെ കഴക്കൂട്ടത്ത് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം താഴെയിറക്കിയത്. പൊലീസിന് അവിടെ ഇറങ്ങുക ശ്രമകരമായിരുന്നു.
ഉത്തരം കണ്ടെത്തേണ്ട
5 ചോദ്യങ്ങൾ
1) ചോരപ്പാടുകളും രക്തക്കറകളും
ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നില മുതൽ മൂന്നാംനില വരെയും രക്തത്തുള്ളികൾ എങ്ങനെയുണ്ടായി. രക്തം വാർന്ന ഒരാളെ ആരെങ്കിലും എടുത്തുകൊണ്ടുപോകുന്നതു പോലെയാണ് ഈ തുള്ളികൾ. മുകൾ നിലയിലെ പടിക്കെട്ടിൽ രക്തം തളംകെട്ടി നിൽക്കുന്നു. കെട്ടിടത്തിനു പിന്നിലുള്ള പത്ത് എ.സി യൂണിറ്റുകളുടെ മുകളിൽ രക്തക്കറ. തൊട്ടടുത്തുള്ള കണിയാപുരം സ്വദേശിയായ ഡോക്ടറുടെ വീടിന്റെ മുകൾനിലയിലെ കൈവരിയിൽ രക്തത്തുള്ളികൾ. ഈ വീട് ആൾതാമസമില്ലാത്തതാണ്. രക്തത്തുള്ളികളിൽ വേറെ ആരുടേതെങ്കിലുമുണ്ടോ എന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തണം.
2) കൂട്ടിക്കെട്ടിയ കയർ
കെട്ടിടങ്ങളുടെ കോൺക്രീറ്റിന് ചാരം കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് കയറിലാണ് മൃതദേഹം തൂങ്ങിനിൽക്കുന്നത്. ഉപയോഗിച്ച് പഴഞ്ചനായ കയർ പലഭാഗത്തും കൂട്ടിക്കെട്ടിയിട്ടുണ്ട്. ഈ കയർ ദുരൂഹത കൂട്ടുന്നുവെന്ന് പൊലീസ് പറയുന്നു. മുഖത്ത് പുതിയ മുറിവുകളാണുള്ളത്. നേരത്തേ കല്ലമ്പലത്തുണ്ടായ സംഘർഷത്തിലേറ്റ മുറിവുകളല്ല ഇത്.
3) മതിലിനിടയിൽ ഇറങ്ങിയതെങ്ങനെ
ഇരുപതടി ഉയരമുള്ള മതിലിന്റെ മുകളിലെ ഇരുമ്പ് ഫ്രെയിമിലാണ് മൃതദേഹം തൂങ്ങിനിന്നത്. ഒരാൾക്ക് തനിച്ച് അവിടെ ഇറങ്ങാൻ പ്രയാസമാണ്. രണ്ടു വീടുകൾക്കിടയിലെ കൂറ്റൻ കോൺക്രീറ്റ് മതിലാണിത്. മോഷണത്തിന് ശ്രമമുണ്ടായിട്ടില്ലെന്നും വീടുകളോ ഓഫീസുകളോ ബാങ്കോ കുത്തിത്തുറന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു
4) കുടുംബവഴക്കും സംഘർഷവും
വർക്കല കരിനടക്കോട്ടാണ് ഷൈജുവിന്റെ ഭാര്യവീട്. കുറേക്കാലമായി ഇയാളുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. നാലു ദിവസം മുമ്പ് ഷൈജു അവിടെയെത്തി ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം ഇറങ്ങിപ്പോയി. അതിനുശേഷവും ഭാര്യയെയും ബന്ധുക്കളെയും ഫോണിൽ വിളിച്ചിരുന്നു. പക്ഷേ, എവിടെയാണുള്ളതെന്ന് പറഞ്ഞിരുന്നില്ല. കല്ലമ്പലത്ത് നിന്ന് പരിക്കേറ്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർ ഫോണിൽ വിവരമറിയിച്ചതനുസരിച്ചാണ് ഭാര്യയും ബന്ധുക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും ഷൈജുവിനെ കാണാതായിരുന്നു.
5) സെക്യൂരിറ്റി ഒന്നും അറിഞ്ഞില്ലേ ?
ഐ.സി.ഐ.സി.ഐ ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ ഒന്നുമറിഞ്ഞില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്. കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് സെക്യൂരിറ്റി ഇരിക്കാറുള്ളത്. മൃതദേഹം കണ്ടത് കെട്ടിടത്തിന്റെ തെക്കു കിഴക്ക് മൂലയിലാണ്. സമ്പൂർണ ലോക്ക് ഡൗണായിരുന്ന ഞായറാഴ്ചയോ ശനിയാഴ്ച രാത്രിയോ ബഹളമൊന്നും കേട്ടില്ലെന്നാണ് സുരക്ഷാജീവനക്കാരുടെ മൊഴി. രണ്ട് ബഹുനില കെട്ടിടങ്ങളുടെ ഇടയിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത വിധത്തിലായിരുന്നു മൃതദേഹം.