കൊച്ചിയിലും മഞ്ചേരിയിലും ഹോം മാച്ചുകൾ
നടത്താൻ ഗോകുലം കേരള എഫ്.സി
തിരുവനന്തപുരം : തങ്ങളുടെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ചില ഹോം മാച്ചുകളും പരിശീലനവും നടത്താൻ കേരള ബ്ളാസ്റ്റേഴ്സ് തയ്യാറെടുക്കുമ്പോൾ അതേ രീതിയിൽ തന്നെ മറുപടി നൽകാൻ ഒരുക്കുകയാണ് ഗോകുലം കേരള എഫ്.സി.
അടുത്ത സീസണിൽ തങ്ങളുടെ ചില ഹോംമാച്ചുകൾ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും മഞ്ചേരി സ്റ്റേഡിയത്തിലുമായി നടക്കാൻ പദ്ധതിയിടുകയാണ് ഗോകുലം. ഇത് സംബന്ധിച്ച് കലൂർ സ്റ്റേഡിയം നിയന്ത്രിക്കുന്ന ജി.സി.ഡി.എയുമായും മഞ്ചേരി സ്റ്റേഡിയം പരിപാലിക്കുന്ന മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലുമായി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പ്രധാന ഹോംഗ്രൗണ്ടായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം നിലനിറുത്തിക്കൊണ്ടുതന്നെയാണ് കൊച്ചിയിലേക്കും മഞ്ചേരിയിലേക്കും പോകാൻ ഗോകുലം ഒരുങ്ങുന്നത്.
ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ പോലെയുള്ള വമ്പൻ ടീമുകളുമായുള്ള മത്സരങ്ങൾക്ക് കലൂർ സ്റ്റേഡിയം പോലെ വലിയ വേദി ഒരുക്കിയാൽ കൂടുതൽ കാണികളെ ആകർഷിക്കാമെന്നാണ് ഗോകുലത്തിന്റെ കണക്കുകൂട്ടൽ. കൊച്ചിയിലെ പനമ്പള്ളി നഗർ സ്റ്റേഡിയം പ്രാക്ടീസ് ഗ്രൗണ്ടാക്കാനും ആലോചിക്കുന്നു. ഇവിടെയാണ് ബ്ളാസ്റ്റേഴ്സും പ്രാക്ടീസ് നടത്തുന്നത്.
മഞ്ചേരി സ്റ്റേഡിയം റിസർവ് ടീമിന്റെ മത്സരങ്ങളും അക്കാഡമിയുടെ പരിശീലനവും നടത്തുന്നതിനായാണ് പ്രധാനമായും പരിഗണിക്കുന്നത്. സാഹചര്യം അനുകൂലമായി വന്നാൽ ഇവിടെ ഐ ലീഗ് മത്സരങ്ങളും നടത്തും. ഇതിനകം തന്നെ മലപ്പുറം സ്പോർട്സ് കൗൺസിൽ ഭാരവാഹികളുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. എത്ര ദിവസം മത്സരങ്ങൾ നടത്താനായി സ്റ്റേഡിയം ആവശ്യമുണ്ട്, അതിനായി ഒരുക്കേണ്ട അധിക സൗകര്യങ്ങൾ, അതിന്റെ ചെലവുകൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പുതിയ സീസണിലേക്കുള്ള ഫിക്സ്ചർ പുറത്തുവന്ന ശേഷമേ ഐ ലീഗിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂ.
അതേസമയം കലൂർ സ്റ്റേഡിയം തന്നെ മുഖ്യഹോംഗ്രൗണ്ടായി തുടരുമെന്ന് ബ്ളാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മത്സരങ്ങളും പരിശീലന മത്സരങ്ങളും കോഴിക്കോട്ട് നടത്തി മലബാറിലെ കാണികളെക്കൂടി കൈയിലെടുക്കാനുള്ള ശ്രമമാണ് ബ്ളാസ്റ്റേഴ്സിന്റേത്.