തിരുവനന്തപുരം: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എം.ജി. ശ്രീകുമാർ തറവാട് വീടായ തൈക്കാട് മേടയിൽ വീട്ടിലെത്തി. ജ്യേഷ്ഠ പത്നി പദ്മജാ രാധാകൃഷ്ണന്റെ വിയോഗമറിഞ്ഞെത്തിയ എം.ജി. ശ്രീകുമാർ സഹോദരി ഓമനക്കുട്ടിയുമായി ഏറെ നേരം സംസാരിച്ചശേഷമാണ് മടങ്ങിയത്. കുടുംബവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വീട് മാറിയ ശ്രീകുമാർ പിന്നെ അവിടെ വന്നിട്ടില്ല. സഹോദരൻ എം.ജി. രാധാകൃഷ്ണൻ മരിച്ചപ്പോൾ ശ്രീകുമാർ അമേരിക്കയിലായിരുന്നു. പദ്മജാ രാധാകൃഷ്ണന്റെ ഓർമ്മകൾ പങ്കിട്ട് എം.ജി. ശ്രീകുമാർ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ: എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ. പത്മജ ചേച്ചി ഒരു നല്ല കലാകാരി, നർത്തകി. നിരവധി മേഖലകളിൽ പ്രവർത്തിച്ചു. പത്മജ ചേച്ചി എഴുതി ചേട്ടൻ ഈണം നൽകിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ആകാശവാണിയിലുണ്ട്. ചേച്ചി പെട്ടെന്ന് നമ്മെയെല്ലാം വിട്ടു പോയത് വളരെ നിർഭാഗ്യകരമായിപ്പോയി. ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ'.