ഏകദിന ക്രിക്കറ്റിൽ ടീം ടോട്ടലുകൾ 300ന് പുറത്തേക്ക് പോകുന്നത് ഇന്നത്തെ കാലത്ത് സർവസാധാരണമാണ്. കളി നിയമങ്ങളിൽ വന്ന മാറ്റങ്ങളാണ് 400 റൺസ് പോലും വിജയം സുനിശ്ചിതമാക്കുന്ന ഒരു ടോട്ടൽ അല്ലാതാക്കിമാറ്റിയത്. ഓരോ ടീമും വമ്പൻ സ്കോറുകൾ ഉയർത്തുമ്പോൾ അതിനു പിന്നിൽ ചില കൂട്ടുകെട്ടുകളുടെ കഥയുമുണ്ടാകും. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന അഞ്ച് ബാറ്റിംഗ് കൂട്ടുകെട്ടുകൾ ഇവയാണ്
1. 372 റൺസ്
ക്രിസ്ഗെയ്ൽ - മാർലോൺ
സാമുവൽസ്
Vs സിംബാബ്‌വെ, 2015
2015 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെയാണ് ഗെയ്ലും (215) സാമുവൽസും ചേർന്ന് (133 നോട്ടൗട്ട്) ചേർന്ന് രണ്ടാം വിക്കറ്റിൽ 372 റൺസ് കൂട്ടിച്ചേർത്തത്. ഇന്നിംഗ്സിലെ മൂന്നാം പന്തു മുതൽ അവസാന പന്തുവരെ ഇവർ ക്രീസിലുണ്ടായിരുന്നു. ടീം ആകെ നേടിയതും 372 റൺസാണ്.
2. 365 റൺസ്
ജോൺ കാംപ്‌ബെൽ ഷായ് ഹോപ്പ്
Vs അയർലൻഡ്, 2019
ബംഗ്ളാദേശും കൂടി പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിലാണ് ഓപ്പണിംഗിൽ ഈ കൂട്ടുകെട്ട് പിറന്നത്. കാംപ്ബെൽ 179 റൺസും ഹോപ്പ് 170 റൺസുമാണ് അടിച്ചുകൂട്ടിയത്. 381/3 എന്ന സ്കോർ ഉയർത്തിയ വിൻഡീസ് 196 റൺസിന് വിജയം കണ്ടു.
3. 331 റൺസ്
സച്ചിൻ - ദ്രാവിഡ്
Vs ന്യൂസിലൻഡ്, 1999
കിവീസിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിലാണ് സച്ചിനും ദ്രാവിഡും ചേർന്ന് രണ്ടാം വിക്കറ്റിൽ കോട്ട കെട്ടിയത്. സച്ചിൻ 150 പന്തുകളിൽ നിന്ന് 186 റൺസും ദ്രാവിഡ് 153 പന്തുകളിൽ നിന്ന് അത്ര തന്നെ റൺസും നേടി. ഇന്ത്യ ഉയർത്തിയത് 376/2 എന്ന സ്കോർ. ജയം 174 റൺസിനായിരുന്നു.
4. 318 റൺസ്
സൗരവ് ഗാംഗുലി - രാഹുൽദ്രാവിഡ്
Vs ശ്രീലങ്ക, 1999
99ലെ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് രണ്ടാം വിക്കറ്റിൽ ഇത്രയും റൺസ് കൂട്ടിച്ചേർത്തത്. ഗാംഗുലി തന്റെ ഏകദിനത്തിലെ ഉയർന്ന സ്കോറായ 183 റൺസ് നേടിയത് ഈ മത്സരത്തിലാണ്. ദ്രാവിഡ് 145 റൺസാണ് നേടിയത്. ഇന്ത്യ 373/6 എന്ന സ്കോർ ഉയർത്തി. 157 റൺസിന് ജയിച്ചു.
5. 304 റൺസ്
ഇമാം ഉൽഹഖ് - ഫഖാർ സൽമാൻ
Vs സിംബാബ്‌വെ, 2018
പാകിസ്ഥാൻ ഓപ്പണർമാരായ ഇമാം ഉൽഹഖും ഫഖാർ സൽമാനും ചേർന്ന് ബുലവായോ ഏകദിനത്തിലാണ് സിംബാബ്‌വെയെ കശാപ്പ് ചെയ്തത്. ഫഖാർ 210 റൺസും ഇമാം 113 റൺസുമാണ് മത്സരത്തിൽ നേടിയത്. പാകിസ്ഥാന്റെ ഏറ്റവും ഉയർന്ന ഏകദിന സ്കോറായ 399/1 പിറന്നത് ഈ മത്സരത്തിലാണ്.