തിരുവനന്തപുരം: പമ്പാ ത്രിവേണിയിലെ മണലെടുപ്പിൽ വിവാദക്കുരുക്കിലായ മുൻ ചീഫ്സെക്രട്ടറി ടോംജോസിനെ കേരളമാകെ ഡ്രജ്ജിംഗ് അധികാരമുള്ള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനാക്കാൻ നീക്കം.
ഇതിനുള്ള വ്യവസായ വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പ് വച്ചാൽ ചീഫ്സെക്രട്ടറി പദവിയോടെ കൊച്ചിയിൽ നിയമിക്കും. കേരളമാകെ അധികാര പരിധി, ഔദ്യോഗിക വാഹനം, പേഴ്സണൽ സ്റ്റാഫ്, വിവിധ ബത്തകൾ എന്നിവ ലഭിക്കും. വിവാദമൊഴിവാക്കാൻ എം.ഡിയുടെ ശമ്പളം നൽകില്ലെന്നാണ് സൂചന. ശമ്പളമില്ലെങ്കിലും രണ്ട് ലക്ഷത്തോളം രൂപ പെൻഷൻ കിട്ടും. എൻ.പ്രശാന്താണ് കോർപ്പറേഷൻ എം.ഡി.
പമ്പാത്രിവേണിയിൽ 1.28ലക്ഷം ഘനയടി മണലും ചെളിയും നീക്കി കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നീക്കം പത്തനംതിട്ട കളക്ടർ പി.ബി.നൂഹ് തടഞ്ഞതോടെ, വിരമിക്കലിന്റെ തലേന്ന് ഡി.ജി.പി ലോക്നാഥ് ബെഹറയുമൊത്ത് ടോംജോസ് ഹെലികോപ്ടറിൽ അവിടെ പറന്നെത്തിയത് വിവാദമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തങ്ങൾ പത്തനംതിട്ട കളക്ടറെ വിറപ്പിച്ചെന്നാണ് പറഞ്ഞത്. സംഭവം വിവാദമായതോടെ മണൽ പുറത്തേക്ക് കടത്താനുള്ള നീക്കം വനംവകുപ്പ് തടഞ്ഞു. സമാനമായ ഇടപാടിന് കണ്ണൂരിലും ശ്രമമുണ്ടായപ്പോൾ കളക്ടർ ടി.വി.സുഭാഷ് മുഖ്യമന്ത്രിയെ സമീപിച്ചാണ് തടയിട്ടത്.
മണൽ ഇടപാടിൽ വിവാദത്തിൽപ്പെട്ട ടോംജോസിനെ ചീഫ്സെക്രട്ടറി റാങ്കോടെ നിയമിക്കുന്നതിൽ യുവ ഐ.എ.എസുകാർക്ക് എതിർപ്പുണ്ട്. നേരത്തേ, ഡാമുകളിലെ ആയിരം കോടിയുടെ മണൽ റഷ്യൻ കമ്പനിക്കും , മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പ്ലാന്റ് അമേരിക്കൻ കമ്പനിക്കും നൽകാനുള്ള ടോംജോസിന്റെ ശുപാർശ സർക്കാർ തള്ളിയിരുന്നു.