തിരുവനന്തപുരം: ആനയറ പുതുമന ലെയിനിൽ കഴിഞ്ഞ ദിവസം രാത്രി 10 ഓടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. കുടവൂർ സ്വദേശി ബിജു (37)വിനെയാണ് നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കെെയ്ക്കും തലയ്ക്കും പരിക്കേറ്റ ബിജു മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഞ്ചാവ് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം മുൻവെെരാഗ്യത്തിന്റെ പേരിലായിരുന്നെന്ന് പേട്ട പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന നാലുപേ‌ർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും ആരെയും പിടികൂടിയിട്ടില്ലെന്നും അന്വേഷണം ഉൗർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.