kovalam

കോവളം: കഴക്കൂട്ടം-കാരോട് ബൈപാസിന്റെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് സർവീസ് റോഡിന്റെ വശങ്ങൾ തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുത്തിയൊഴുകിയെത്തിയ വെള്ളവും ചെളിയും അടിഞ്ഞതാണ് റോഡ് തകരാൻ കാരണം. വെങ്ങാനൂർ ഏലായുടെ ഭാഗമായിരുന്ന ചതുപ്പ് നിലം മണ്ണിട്ട് നികത്തി പണിത സർവീസ് റോഡിൽ, ബൈപാസിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഏലായിലേക്ക് ഒഴുക്കിവിടാനായി രണ്ട് പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ ചെളി നിറഞ്ഞ് അടഞ്ഞതോടെ സർവീസ് റോഡിൽ വെള്ളം പതിനഞ്ചടിയോളം ഉയർന്നിരുന്നു. തുടർന്ന് ആറ് വരിപ്പാതയുടെ അടിയിലൂടെയുള്ള പൈപ്പ് തുറന്ന് വിട്ട് വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് ഇരുപതടിയോളം നീളത്തിൽ റോഡിന്റെ വശങ്ങൾ തകർന്നു ഇടിഞ്ഞു താഴ്ന്നത്. രണ്ട് കൂറ്റൻ ജനറേറ്ററുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞും മൂന്ന് ജെ.സി.ബി ഉപയോഗിച്ച് ചെളി മാറ്റിയും തകർന്ന ഭാഗം പുനർനിർമ്മിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.