പാറശാല: കൊവിഡ് 19 മഹാമാരി പിടിച്ചുലയ്ക്കാത്ത മേഖലകളൊന്നുമില്ല. എന്നാൽ പ്രതിസന്ധിയിലും സാധാരണക്കാരന്റെ അത്താണിയായ പ്രാഥമിക സഹകരണ സംഘങ്ങൾ കൂടി തകർച്ചയുടെ വക്കിലായതോടെ കർഷകരുൾപ്പെടെയുള്ളവരുടെ പിടിവള്ളി പൊട്ടിയ സ്ഥിതിയാണ്. സമൂഹത്തിലെ ഇടത്തരക്കാരും സാധാരണക്കാരും സഹകരണ സംഘങ്ങളിൽ എത്തിക്കുന്ന നിക്ഷേപങ്ങളും അംഗങ്ങൾക്കായി അനുവദിക്കുന്ന വായ്പകളിൽ നിന്നു ലഭിക്കുന്ന പലിശയുമാണ് സഹകരണ സംഘങ്ങളെ വളർച്ചയിൽ എത്തിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് രണ്ടും ഇല്ലാതെയാണ് സംഘങ്ങൾ മുന്നോട്ട് പോകുന്നത്. കൊവിഡ് 19നെ തുടർന്ന് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് നൽകി വന്നിരുന്ന പലിശയിൽ കുറവ് വരുത്തിയതാണ് ഈ മേഖലയുടെ തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സർക്കാർ ട്രഷറിയും നിക്ഷേപങ്ങൾക്കുള്ള പലിശയിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഇത് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ പിൻവലിച്ച് മറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന സ്ഥിതിയുണ്ടാക്കി. സാധാരണക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പുതിയ നിക്ഷേപങ്ങൾ ഇല്ലാതെ വന്നതോടെ അംഗങ്ങൾക്കായി പുതിയ വായ്പകൾ അനുവദിക്കുന്നതിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.

കര കയറാൻ

സഹകരണ സംഘങ്ങൾ നിക്ഷേപങ്ങൾക്ക് നൽകിവന്നിരുന്ന പലിശ പുനഃസ്ഥാപിച്ചാൽ മാത്രമേ വായ്പാ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് സംഘങ്ങൾക്ക് സാധിക്കൂ. പലിശ വർദ്ധിപ്പിക്കാത്ത പക്ഷം നിക്ഷേപങ്ങൾ ഇല്ലാതാവുകയും സഹകരണമേഖലയുടെ തകർച്ചയ്ക്ക് ഇത് കാരണമാകുകയും ചെയ്യും. നിക്ഷേപങ്ങൾ വർദ്ധിപ്പിച്ച് കൂടുതൽ വായ്പ അനുവദിച്ചാൽ മാത്രമേ സഹകരണ മേഖലയെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചെടുക്കാൻ കഴിയൂ.

പലിശനിരക്ക്

സഹകരണസംഘങ്ങളിലെ പലിശനിരക്ക്

കൊവിഡിന് മുമ്പ് - 8.5 %

കൊവിഡിന് ശേഷം 7.5%

ട്രഷറിയിലെ പലിശനിരക്ക്

8.5%

സ്വകാര്യ സ്ഥാപനങ്ങളിലെ പലിശനിരക്ക്

9.25% - 10%

സഹകരണ സംഘങ്ങളെ ആശ്രയിക്കുന്നത്

 കർഷകർ

 ചെറുകിട കച്ചവടക്കാർ

 കുടിൽ വ്യവസായികൾ

 തൊഴിലാളികൾ