മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ 1500 ഓളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് മടവൂർ, പുലിയൂർകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസ്ക്ക് വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് മേഖലയ്ക്ക് പ്രഖ്യാപിച്ച 40000 കോടിയുടെ പാക്കേജ് താഴെ തട്ടിലെ തൊഴിലാളികളിൽ എത്തിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിലെ കുടുംബങ്ങൾക്ക് തൊഴിൽ ദിനങ്ങൾ 200 ദിവസമായി ഉയർത്തി വേതനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു. പുലിയൂർകോണം മണ്ഡലം പ്രസിഡന്റ് എം.ജി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തി. മടവൂർ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. അനിൽകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ മടവൂർ എന്നിവരും സംസാരിച്ചു.