റിയാദ്: സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോകുന്ന പ്രവാസികൾ നിർബന്ധമായും കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി. ജൂൺ 20 ശനിയാഴ്ച മുതലാണ് കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേരള സർക്കാരിന്റെ പ്രത്യേക നിർദേശമാണിതെന്നും എംബസി വ്യക്തമാക്കി.
നെഗറ്റീവ് റിസൾട്ട് ഉളളവർക്ക് മാത്രമേ യാത്രാനുമതി നൽകുകയുള്ളൂ. എന്നാൽ വന്ദേഭാരത് മിഷൻ വഴി യാത്ര പോകുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്നില്ല. ഗൾഫിൽ പരിശോധന നടത്തി കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് മാത്രമേ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ അനുവാദമുണ്ടാകൂ എന്ന് കാണിച്ച് കേരള സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ഇതിനെതിരെ പ്രവാസികളും പ്രതിപക്ഷ പാർട്ടികളും അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.