covid-19

ന്യൂയോർക്ക്: തിങ്കൾ നല്ല ദിവസമാണെന്നാണ് വയ്പ്. എന്നാൽ തിങ്കളാഴ്ചയായിരുന്ന ഇന്നലെ കൊവിഡ് ബാധിച്ച് 3399 പേരാണ് ലോകത്ത് മരിച്ചത്. കണക്കുകൾ കണ്ണീർ കഥ പറയുമ്പോൾ 4.38 ലക്ഷം പേരെയാണ് കൊവിഡ് തട്ടിയെടുത്തത്. ഓരോ ദിവസം കഴിയും തോറും രോഗികളുടെയും മരണപ്പെടുന്നവരുടെയും എണ്ണം കൂടി വരികയാണ്. ലോക്ക് ഡൗണിൽ ഇളവ് വരുത്തുന്നതിനിടയിലാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്.

ബ്രസീൽ, അമേരിക്ക, ഇന്ത്യ, മെക്സിക്കോ എന്നി രാജ്യങ്ങളിലാണ് ഇന്നലെ മരണം കൂടുതലുണ്ടായത്. ബ്രസീലിൽ ഇന്നലെ 729 പേരാണ് മരിച്ചത്. ആകെ മരണം 44,118. പുതിയതായി 23,674 പേരിൽ കൂടി രോഗം കണ്ടെത്തിയതോടെ ബ്രസീലിലെ രോഗികളുടെ എണ്ണം 8.91 ലക്ഷമായി. ഏറ്റവും കൂടുതൽ പേർ മരിച്ച അമേരിക്കയിൽ ഇന്നലെ 421 പേർക്കാണ് ജീവൻ നഷ്ടമായത്. 1.18 ലക്ഷമായി ആകെ മരണം. 21.82 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.80 ലക്ഷം പേർ രോഗമുക്തി നേടി. 11.83 ലക്ഷം പേർ ചികിത്സയിലാണ്.

റഷ്യ 5.37 ലക്ഷം, ഇന്ത്യ 3.43 ലക്ഷം, യുകെ 2.96 ലക്ഷം, സ്‌പെയിൻ 2.91 ലക്ഷം, ഇറ്റലി 2.37 ലക്ഷം, പെറു 2.32 ലക്ഷം എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇന്ത്യയിൽ 395, മെക്സിക്കോ 269, പെറു 172, റഷ്യ 143, ഇറാൻ 113, പാകിസ്ഥാൻ 97, സൗത്ത് ആഫ്രിക്ക 88, കൊളംബിയ 59, യുകെ, ചിലി, സൗദി അറേബ്യ എന്നിവിടങ്ങളിൽ 39 എന്നിങ്ങനെയാണ് ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം.

സ്‌പെയിൻ, ചൈന എന്നി രാജ്യങ്ങളിൽ ഇന്നലെ കൊവിഡ് മരണം ഉണ്ടായിട്ടില്ല. ചൈനയിൽ 49 പേർക്കും സ്‌പെയിനിൽ 181 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.സൗദി അറേബ്യയിൽ ഇന്നലെ 39 പേർ മരിക്കുകയും 4,507 പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ സൗദിയിലെ മരണം ആയിരം കടന്നു. ആകെ രോഗബാധിതർ 1.32 ലക്ഷമാണ്. ഖത്തറിൽ ഇന്നലെ മൂന്നുപേർ കൂടി മരിച്ചതോടെ 76 പേർക്കാണ് ജീവൻ നഷ്ടമായത്. 1,274 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 80,876. ഇതിൽ 58,681 പേർ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ മലയാളികൾ മരിച്ച യു.എ.ഇയിൽ ഇന്നലെ രണ്ടുപേർ കൂടി മരിച്ചു. ആകെ മരണം 291. ഇതുവരെ 42,636 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 28,129 പേർ രോഗമുക്തി നേടി. കുവൈറ്റിലും ഇന്നലെ രണ്ട് പേർ മരിച്ചു..ഒമാനിലും ബഹ്‌റൈനിലും ഇന്നലെ നാലുപേർ വീതമാണ് മരിച്ചത്. പുതിയതായി 1.23 ലക്ഷം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി 81.07 ലക്ഷം പേരിലാണ് കൊവിഡ് കണ്ടെത്തിയത്.