pic

തിരുവനന്തപുരം: അയൽവാസിയുടെ ക്രൂരതയുടെ ഫലമായി ചാപിള്ളയ്ക്ക് ജന്മം നൽകേണ്ടിവന്ന സ്വന്തം പശുവിന്റെ ദുഃഖം ഉള്ളിലൊതുക്കി ഒരു വീട്ടമ്മ. നെയ്യാർഡാം കള്ളിക്കാട് പാട്ടായിക്കോണം സ്വദേശി ബിജിയാണ് തന്റെ പശുവിനെപ്പറ്റിയുള്ള തീരാദു:ഖവും പേറി ജീവിക്കുന്നത്. മുത്ത് എന്ന് താൻ സ്‌നേഹത്തോടെ വിളിക്കുന്ന പശുവിനെപ്പറ്റി ഓർക്കുമ്പോൾ ബിജിയുടെ ഉള്ളിൽ അതൊരു വിങ്ങലാണ്.


മൃഗസംരക്ഷണ വകുപ്പിന്റെ എസ്.സി/എസ്.ടി പദ്ധതി വഴി വീട്ടമ്മയ്‌ക്ക് മൂന്നു പശുവിനെ വളർത്താനായി കിട്ടിയിരുന്നു. അവയിൽ ഏറ്റവും ഇളയവളാണ് മുത്ത്. പശുക്കളെ പുറമ്പോക്കിൽ മേയാൻ കെട്ടിയിടുക പതിവായിരുന്നു. ഇതിൽ നാലു മാസം ഗർഭിണിയായ മുത്തിനോടായിരുന്നു അയൽവാസിയുടെ ക്രൂരത.


സ്ഥലത്തെ പ്രധാനിയായ സുരേന്ദ്രൻ പറമ്പിൽ കെട്ടിയിടുന്ന മുത്തിന്റെ ഇരുവശങ്ങളിലും കമ്പും മറ്റും കൊണ്ട് അടിച്ച് മുറിവേൽപ്പിക്കുകയും അതിന്റെ ഗുഹ്യ ഭാഗത്തു കുത്തി ക്ഷതമേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. പുറമ്പോക്കിൽ പുല്ലു നട്ടതിനെ ചൊല്ലിയുള്ള തർക്കവും വഴക്കുമാണ് ഈ ക്രൂരതയ്ക്ക് കാരണമായതെന്ന് ബിജി പറയുന്നു.

സംഭവത്തെ തുടർന്ന് മെയ് 28ന് നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ ബിജി പരാതി നൽകി. പുറമ്പോക്കിൽ പുല്ലുനട്ടതിന് തന്നെ പലപ്പോഴായി ജാതിപേര് വിളിച്ച് ആക്ഷേപിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ അതിനെക്കാൾ തന്നെ വിഷമിപ്പിച്ചത് മുത്തുവിനെ ദ്രോഹിച്ചതാണെന്നും വീട്ടമ്മ പറയുന്നു. രണ്ടു ദിവസം കഴിഞ്ഞ് സംഭവ സ്ഥലത്ത് അന്വേഷണത്തിന് എത്തിയ പൊലീസുകാർ പുറമ്പോക്കിൽ എന്തിന് പശുവിനെ കെട്ടി എന്നായിരുന്നു ചോദിച്ചത്.


പൊലീസിന്റെ ഭാഗത്ത് നിന്ന് തുടർ നടപടികൾ ഉണ്ടാകാതിരുന്നപ്പോൾ സി.ഐയെ കണ്ട് ബിജി കാര്യങ്ങൾ ബോധിപ്പിച്ചു. ഇതേ തുടർന്ന് സി.ഐ രണ്ടുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും സുരേന്ദ്രനെ ശകാരിക്കുകയും ബിജിയോട് ഒരു ഒത്തുതീർപ്പിന് ശ്രമിച്ചുകൂടെ എന്ന് ചോദിക്കുകയും ചെയ്തു.ഇതിനിടയിലാണ് മുത്ത് ചാപിള്ളയ്ക്ക് ജന്മം നൽകിയത്. മൃഗ ഡോക്ടറുടെ പരിശോധനയിൽ ശരീര ഭാഗങ്ങളിലേറ്റ ക്ഷതമായിരിക്കാം കുഞ്ഞിന്റെ മരണ കാരണമെന്ന് വ്യക്തമായി.

ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിൽപ്പെട്ടിരിക്കുകയാണ് ബിജി. സുരേന്ദ്രനെതിരായി കേസ് ഫയൽ ചെയ്യണമെന്നും അയാളുടെ ക്രൂരത പുറം ലോകത്തെ അറിയിക്കണമെന്നുമാണ് വീട്ടമ്മയുടെ ഇപ്പോഴത്തെ ആഗ്രഹം. അത്രയെങ്കിലും തന്റെ മുത്തിന് വേണ്ടി ചെയ്‌തില്ലെങ്കിൽ താൻ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നാണ് ബിജി പറയുന്നത്.