covid-cases-

തിരുവനന്തപുരം: കാട്ടാക്കടയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വഞ്ചിയൂരിൽ ഗൃഹനാഥന്റെ മരണവും കൊവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല ഉറവിടമറിയാത്ത രോഗകേന്ദ്രമായി മാറി. സംസ്ഥാനത്ത് ആദ്യം കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയും റിട്ട.എ.എസ്.ഐയുമായ അബ്ദുൾ അസീസിന്റെ മരണം മാസങ്ങൾ പിന്നിട്ടിട്ടും രോഗബാധയുണ്ടായതെങ്ങനെയെന്നത് അവ്യക്തമായി തുടരുന്നതിനിടെയാണ് ജില്ലയിൽ ഉറവിടമറിയാത്ത പുതിയ കേസുകൾ ഒന്നൊന്നായി തലപൊക്കുന്നത്.

കാട്ടാക്കടയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുടെ രോഗകാരണത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഹൃദ്രോഗബാധയെ തുടർന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമജീവിതം നയിച്ചുവന്ന രമേശൻ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കാട്ടാക്കടയിലും വഞ്ചിയൂരുമായി മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകയുമായി അടുത്തിടപഴകിയ ആമച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാരും രമേശനെ ചികിത്സിച്ച ജനറൽ ആശുപത്രിയിലേയും മെഡിക്കൽ കോളേജിലെയും ഡോക്ടർമാരും നിരീക്ഷണപ്പട്ടികയിലുണ്ട്. ആരോഗ്യ പ്രവർത്തകയുടെ രോഗബാധയെ തുടർന്ന് ആമച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രവും ഇവർ സന്ദ‌ർശിച്ച പൊതു സ്ഥലങ്ങളും വഞ്ചിയൂരിൽ രമേശന്റെ വീടും പരിസരവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ അണുവിമുക്തമാക്കി.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മലയാളികൾ ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്ന് അറിയുന്നതിനും മറ്റും അവരുടെ വീടുകളിൽ സന്ദർശനം നടത്തുകയും രോഗികളുമായും വീട്ടുകാരുമായും സമ്പർക്കം പുലർത്തുകയും ചെയ്തതിനിടയിലോ ജോലിയുടെ ഭാഗമായ ആശുപത്രി യാത്രകൾക്കിടയിലോ ആകാം കാട്ടാക്കടയിലെ ആരോഗ്യ പ്രവർത്തകയ്ക്ക് രോഗബാധയുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം. രോഗ ബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാതെ പോയാൽ സമൂഹവ്യാപനം പോലുള്ള ദുരന്തങ്ങൾക്ക് വഴിവയ്ക്കും.

ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാട്ടാക്കട പഞ്ചായത്തിലെ 6 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ നവജ്യോത് ഖോസ ഉത്തരവിട്ടു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുറം, കൊല്ലോട് എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ആരോഗ്യപ്രവർത്തകയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. രോഗം തിരിച്ചറിയും മുമ്പ് നൂറോളം വീടുകളിൽ ഇവർ ഫീൽഡ് വിസിറ്റ് നടത്തിയിരുന്നു. ആമച്ചൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു. ബാങ്കും എ.ടി.എമ്മും സന്ദർശിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിൽ കുടുംബശ്രീ യോഗവും ചേർന്നു. ഇത്തരത്തിൽ ഇവരുമായി അടുത്തിടപഴകിയ 250 പേരെയാണ് ഇന്നലെ ക്വാറന്റൈനിലാക്കിയത്. ഇവരുടെ സ്രവ പരിശോധനയുൾപ്പെടെയുള്ള നടപടികൾ ഇന്ന് നടക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

ദീർഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു രമേശൻ. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. മേയ് 23 മുതൽ മെയ് 28 വരെ ജനറൽ ആശുപത്രിയിൽ ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ജൂൺ 5ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 12ന് ഇദ്ദേഹം മരിച്ചു. പിന്നീട് സ്രവമെടുത്തു പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് ബാധയുണ്ടായിരുന്നുവെന്ന് അറിഞ്ഞത്. ഇയാളുടെ ബന്ധുക്കളുടെ യാത്രാവിവരമടക്കം ജില്ലാഭരണകൂടം പരിശോധിക്കുന്നുണ്ട്. ഉറവിടമറിയാത്ത രോഗിയായി ഇദ്ദേഹത്തെയും കണക്കാക്കേണ്ടി വരുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നേരത്തേ മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിനും നാലാഞ്ചിറയിലെ വൈദികനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.