മുംബയ്: സുശാന്ത് സിംഗിന്റെ മരണം തുടങ്ങിവച്ച വിവാദങ്ങൾ ഹിന്ദി സിനിമ ലോകത്ത് അവസാനിക്കുന്നില്ല. ബോളിവുഡ് സിനിമ രംഗത്തെ അടിമുടി തളർത്തിയിരിക്കുകയാണ് താരത്തിന്റെ ആത്മഹത്യ. ബോളിവുഡിലെ കിടമത്സരമാണോ സുശാന്തിന്റെ മരണത്തിന് ഇടയാക്കിയത് എന്ന മുംബയ് പൊലീസ് അന്വേഷണത്തിനിടെ, ബോളിവുഡ് നടൻ നിഖിൽ ദ്വിവേദിയുടെ പോസ്റ്റ് വൈറലാകുകയാണ്.
വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ അയാളോട് സഹതാപം കാണിക്കുന്നത് കാണുമ്പോൾ ദേഷ്യം തോന്നുന്നുെവന്നാണ് നടൻ നിഖിൽ ദ്വിവേദി പറയുന്നത്. ബോളിവുഡ് സിനിമാ ലോകത്തിന്റെ കപടനാട്യം തനിക്കിപ്പോൾ മനസിലായെന്നും താരം പറയുന്നു.
‘നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യ വാർത്തയോട് ചില സിനിമാ താരങ്ങളുടെ പ്രതികരണങ്ങൾ കണ്ടപ്പോഴാണ് സഹതാപം തോന്നുന്നത്. സുശാന്തിനോട് അവർ അടുപ്പം പുലർത്താതിരുന്നതിൽ ഖേഃദിക്കുന്നുവെന്ന്. അതിൽ ആരാണ് കുറ്റക്കാർ? ആരാണ് അയാളുടെ കരിയർ താഴേക്ക് കൂപ്പുകുത്തിച്ചത്. ദയവ് ചെയ്ത് മിണ്ടാതിരിക്ക്. നിങ്ങൾ ഇമ്രാൻ ഖാനുമായി അടുപ്പത്തിലായിരുന്നോ? അല്ലെങ്കിൽ അഭയ് ഡിയോൾ. അല്ലല്ലോ? പക്ഷേ ഇവരൊക്കെ കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ നിങ്ങൾ അരികിൽ ഉണ്ടാകും.’–നിഖിൽ കുറിച്ചു.
നിഖിലിന്റെ ആരോപണത്തിന് പിന്നാലെ ഇതേറ്റ് പിടിച്ച് ഒട്ടനവധി സിനിമപ്രേമികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ആരോപണം കരൺ ജോഹറിനെതിരെയാണെന്നാണ് ട്വിറ്റർ ലോകം പറയുന്നത്. കരണും സുശാന്തും ഒന്നിച്ച ശുദ്ധ് ദേശി റൊമാൻസ്, ഡ്രൈവ് എന്നീ സിനിമകൾ ബോളിവുഡിൽ പരാജയമായിരുന്നു. മാത്രമല്ല സുശാന്തിന്റെ വിയോഗത്തിൽ കരൺ കുറിച്ച വാക്കുകളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേഃദിക്കുന്നുവെന്നായിരുന്നു കരണിന്റെ കുറിപ്പ്.
അതേസമയം കോഫി വിത്ത് കരൺ ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയാണ് കരൺ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യൽ മീഡിയ വിചാരണ ചെയ്യുന്നത്. ചാറ്റ് ഷോയുടെ ഭാഗമായ റാപ്പിഡ് ഫയർ ക്വസ്റ്റ്യൻ റൗണ്ടിൽ സുശാന്ത് സിംഗ് രജ്‌പുട്ട്, രൺവീർ സിംഗ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ ‘സുശാന്ത് സിംഗ് രാജ്‌പുട്ട്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിനെ അനുസ്മരിച്ച കരൺ ജോഹറും ആലിയഭട്ടും സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുകയാണ് ഇപ്പോൾ.