covid-

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,667 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 380 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ പതിനായിരത്തിനടുത്തെത്തി. നിലവിലെ മരണസംഖ്യ 9980 ആണ്. രാജ്യത്ത് 34,3091 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്തെ മൊത്തം വൈറസ് ബാധിതരിൽ 15,3178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,0013 പേർ രോഗമുക്തരാകുകയും ചെയ്തു. രോഗംഭേദമാകുന്നവരുടെ നിരക്ക് വർദ്ധിക്കുന്നതും നേരിയ ആശ്വാസം നൽകുന്നുണ്ട്. മഹാരാഷ്ട്രയിൽ 11,0744 പേർക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്. 4128 മരണമാണ് അവിടെ റിപ്പോർട്ട് ചെയ്തത്. 42,829 പേർക്ക് വൈറസ് സ്ഥിരീകരിച്ച ഡൽഹിയിൽ 1400 മരണവും 24,055 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഗുജറാത്തിൽ 1505 പേർ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടിൽ 46,504 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ 479 പേർ മരിച്ചു. മദ്ധ്യപ്രദേശിൽ 10,935 പേർക്ക് രോഗവും 465 മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് രണ്ട് ദിവസത്തെ യോഗം തുടങ്ങുന്നത്. എന്നാൽ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന് നിലപാട് പറയാൻ അവസരം കിട്ടിയേക്കില്ല എന്നാണ് സൂചന. 13 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് സംസാരിക്കാൻ ഇന്ന് അവസരം. ആകെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാർക്കും അഡ്മിനിസ്ട്രേറ്റർമാരുമാണ് ആദ്യ ദിനം യോഗത്തിൽ പങ്കെടുക്കുന്നത്.

രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ ഉള്ള മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിലപാട് നരേന്ദ്ര മോദി നാളെ കേൾക്കും. ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തമിഴ്നാട് ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ ലോക്ക്ഡൗൺ തിരിച്ചു കൊണ്ടുവരുന്നത് അജണ്ടയിൽ ഇല്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.