തിരുവനന്തപുരം: ശ്രീകാര്യത്ത് ബാങ്ക് കെട്ടിടത്തിന് പിന്നിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണപ്പെട്ട യുവാവിന്റെ മരണത്തിൽ ദുരൂഹത തുടരവേ, കൊവിഡ് പരിശോധനാഫലം ലഭ്യമാകാത്തതിനാൽ പോസ്റ്റുമോർട്ടം വൈകുന്നു. വർക്കല മുട്ടപ്പലം അയിരൂർ ചാവടിമുക്ക് തുണ്ടുവിള വീട്ടിൽ ഷൈജുവിനെയാണ് (40) ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെ കൊവിഡ് പരിശോധനാഫലം ലഭ്യമായാൽ നാളെ പോസ്റ്റുമോർട്ടം നടത്താനാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.
ശ്രീകാര്യത്തിന് സമീപം പുതുവലിൽ ബിൽഡിംഗിന്റെ പിന്നിലെ 20 അടി ഉയരമുള്ള മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ബഹുനില കെട്ടിടങ്ങളുടെ ഇടയിൽ കയറിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലെ ജീവനക്കാർ ഇന്നലെ രാവിലെ എട്ടോടെ സ്ഥാപനം തുറക്കുന്നതിനിടെ സ്റ്റെയർകേസിൽ രക്തക്കറ കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.
ഒന്നര വർഷം മുമ്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഷൈജുവിന് വർക്കലയിലെ ഒരു റിസോർട്ടിലായിരുന്നു ജോലി. രണ്ടുദിവസംമുമ്പ് വർക്കലയിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ ആശുപത്രിയിൽനിന്ന് കാണാതായി. സംഘർഷത്തിൽ ഉണ്ടായ മുറിവുകൾക്ക് പുറമെ മൃതദേഹത്തിൽ മൂക്കിനും ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും പരിക്കുകളുണ്ട്. മൃതദേഹം കണ്ട രണ്ട് കെട്ടിടങ്ങളുടെയും സ്റ്റെയർകേസുകളിലും പുറത്തെ എ സി യൂണിറ്റുകൾക്കുമേലും രക്തക്കറകളുണ്ട്. ആശുപത്രിയിൽ നിന്ന് കാണാതായ ശേഷം ഭാര്യാ സഹോദരന് ചിലരിൽ നിന്ന് തനിക്ക് ഭീഷണിയുള്ളതായി ചൂണ്ടിക്കാട്ടി ഷൈജു വാട്ട്സ് ആപ് സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീകാര്യത്ത് മൃതദേഹം കണ്ടെത്തിയത്.
കല്ലമ്പലത്ത് ആക്രമണത്തിന് വിധേയനായ ഷൈജു രക്തം ഒലിപ്പിച്ച് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചെങ്കിലും അയാളെ ആശുപത്രിയിലേക്ക് അയച്ചതല്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവുമുണ്ടായില്ല.അക്രമത്തിനിരയായ ഷൈജു രേഖമൂലം പരാതിയോ അക്രമികളെപ്പറ്റിയുള്ള സൂചനകളോ നൽകിയില്ലെന്നാണ് പൊലീസ് ഇതിന് നൽകുന്ന വിശദീകരണം.
പരിക്കുമായെത്തിയ ആളോട് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ച പൊലീസ് ഇതേപ്പറ്റി അന്വേഷണം നടത്താൻ കൂട്ടാക്കിയില്ല. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിക്കാനോ ആശുപത്രിയിലെത്തി ഷൈജുവിന്റെ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ല. ആശുപത്രിയിൽ നിന്ന് ഷൈജുവിനെ കാണാതായെന്ന് കാട്ടി ഇന്നലെ ഇയാളുടെ ഭാര്യ കല്ലമ്പലം, അയിരൂർ, മെഡിക്കൽ കൊളേജ് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയതിന് പിന്നാലെയാണ് ശ്രീകാര്യത്ത് നിന്ന് ഒരു ദിവസത്തെ പഴക്കം തോന്നിക്കുന്ന വിധത്തിൽ ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഷൈജുവിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമികൾക്കെതിരെ ഇന്നലെ കല്ലമ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനായി സ്ഥലത്തെ സിസി ടിവി ക്യാമറകൾ പരിശോധിക്കാനും, സംഭവസ്ഥലത്ത് ദൃക്സാക്ഷികളായവരെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.കല്ലമ്പലത്തെ അക്രമത്തിലുണ്ടായ പരിക്കുകളല്ലാതെ മറ്ര് പരിക്കുകളൊന്നും പുറമേ കാണാനില്ലായിരുന്നുവെന്നാണ് ഇൻക്വസ്റ്ര് നടപടികൾക്ക് നേതൃത്വം നൽകിയ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർ അനിൽകുമാറിന്റെ വെളിപ്പെടുത്തൽ.
ആന്തരികമായ പരിക്കുകൾ മരണകാരണമായിട്ടുണ്ടോ, ആത്മഹത്യയാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. മൃതദേഹം കാണപ്പെട്ട ബാങ്ക് കെട്ടിടത്തിലെ സിസി ടിവി ക്യാമറ ഇന്നലെ പരിശോധിച്ചെങ്കിലും അത് എ.ടി.എം കൗണ്ടർ ഫോക്കസ് ചെയ്ത് വച്ചിരുന്നതിനാൽ അതിൽ നിന്ന് സംഭവത്തെപ്പറ്റിയുളള യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല. സ്ഥലത്തെ കൂടുതൽ ക്യാമറകൾ ഇന്ന് പരിശോധിക്കാനും, ഷൈജുവിന്റെ ബന്ധുക്കളിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനും ശ്രീകാര്യം പൊലീസും ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക് വിദഗ്‌ദ്ധരും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും ഇന്നലെ സ്ഥലം സന്ദർശിച്ച് തെളിവ് ശേഖരിച്ചു. പൊലീസ് നായ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനെ തുടർന്ന് ഇവിടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.