girls

ഇറാൻ ധർമ്മസങ്കടത്തിലാണ്. ജനസംഖ്യ കീഴോട്ട് പോകുന്നു. എത്ര പറഞ്ഞിട്ടും കുട്ടികളുടെ എണ്ണം കൂട്ടാൻ ആർക്കും ഒരു താത്പര്യവുമില്ല.പ്രസവ അവധി ഒൻപത് മാസമാക്കി. ഭർത്താക്കൻമാർക്ക് രണ്ടാഴ്ചയും അവധി നൽകി. പക്ഷേ, ജനസംഖ്യ കൂടുന്നില്ല. വിവാഹം കഴിക്കാനും കുടുംബ ജീവിതം നയിക്കാനും യുവാക്കൾ വിസമ്മതിക്കുന്നു. യുവതികളാകട്ടെ വിവാഹം വൈകിപ്പിക്കുന്നു. ഇനി വിവാഹം കഴിച്ചാൽ തന്നെ കുട്ടികളുണ്ടാകാൻ താത്പര്യം കാണിക്കുന്നില്ല. വിവാഹം കഴിക്കാൻ വായ്പയും നൽകുന്നു. എന്നിട്ടും ആരും താത്പര്യം കാണിക്കാതായതോടെ സർക്കാരും ചില തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഗർഭ നിരോധന മാർഗങ്ങളില്ല. സർക്കാർ ആശുപത്രികളിൽ പുരുഷൻമാർക്ക് വന്ധ്യംകരണ ചികിത്സ നടത്തും.

ഇറാനിൽ ഇപ്പോൾ ശരാശരി 1.7 കുട്ടികളാണുള്ളത്. അത്, ജനസംഖ്യ നിലനിറുത്താൻ ആവശ്യമായ 2.2 ൽ താഴെയാണ്' ഇതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷൻ ആന്റ് ഫാമിലി ഹെൽത്ത് ഓഫീസ് ഡയറക്ടർ ജനറൽ ഹമീദ് ബരാകതി വ്യക്തമാക്കി.

നിലവിലെ ട്രെൻഡ് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും 2050 ഓടെ 60 വയസിനു മുകളിൽ പ്രായമുള്ളവരാകും. അങ്ങനെ ഏറ്റവും പ്രായമേറിയവരുടെ രാജ്യമായി ഇറാൻ മാറുമെന്ന്' ബരാകതി പറയുന്നു.

ഇറാൻ സർക്കാരിലെ യാഥാസ്ഥിതികർ ഒരു ദശാബ്ദത്തോളമായി കൂടുതൽ സന്താനോത്പാദനം നടത്താൻ പൗരന്മാരെ പ്രേരിപ്പിക്കുന്നു. 18 മുതൽ 24 മാസം കൂടുമ്പോൾ കുട്ടികളുണ്ടാകുന്നത് സുരക്ഷിതമാണെന്ന് ഇറാനിയൻ ജനതയെ ബോദ്ധ്യപ്പെടുത്തുന്ന ശ്രമങ്ങളും ഫലം കാണാത്ത അവസ്ഥയാണ്. കൂടുതൽ കുട്ടികളെ ജനിപ്പിക്കൂ, രാജ്യത്തിനൊപ്പം ചേരൂ എന്നാണ് സർക്കാർ പറയുന്നത്. എല്ലാ രാജ്യങ്ങളും ജനസംഖ്യ കുറയ്ക്കാൻ നിൽക്കുമ്പോഴാണ് ഇറാൻ കൂട്ടാൻ പുറപ്പെട്ടിരിക്കുന്നത്.