സുശാന്ത് സിംഗിന്റെ മരണം നൽകിയ ആഘാതത്തിന് പിന്നാലെയുള്ള വിവാദങ്ങൾക്കിടെ ബോളിവുഡ് പുനരാലോചന നടത്തണമെന്ന ആഹ്വാനവുമായി പ്രശസ്ത നടൻ വിവേക് ഒബ്റോയ്. സുശാന്തിന്റെ മരണം ബോളിവുഡിന്റെ കണ്ണ് തുറപ്പിക്കണം. സിനിമ മേഖല ഒരു കുടുംബത്തെ പോലെയാകണമെന്നും വിവേക് ഒബ്റോയ് പറഞ്ഞു.
പരസ്‌പരം സ്നേഹവും സഹകരണവും താരങ്ങൾ തമ്മിൽ വേണമെന്നും വിവേക് ഒബ്റോയ് വ്യക്തമാക്കി. ബോളിവുഡിലെ കിടമത്സരങ്ങളാണ് സുശാന്ത് സിംഗിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന വിമർശനത്തെ പിന്തുണച്ചാണ് വിവേക് ഒബ്റോയിയും രംഗത്തെത്തിയിരിക്കുന്നത്.
ക്രൂരമായ വിമർശനങ്ങളല്ല കരുതലാണവശ്യം. സിനിമ മേഖല ഒരു കുടുംബം പോലെയാകേണ്ടത് ആവശ്യമാണെന്നും ഗോഡ് ഫാദർമാരില്ലാത്തവർ ബോളിവുഡ് സിനിമയിൽ നിന്ന് എപ്പോൾ വേണമെങ്കിലും പുറത്താകാമെന്ന ഭീഷണി നേരിടുന്നവരാണെന്നും, അംഗീകരിക്കപ്പെടുന്നില്ലെന്നും കങ്കണറണാവത്ത് കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിലെ കിടമത്സരം നടൻ സുശാന്ത് സിംഗിനെ മാനസിക സമ്മർദത്തിലേക്ക് നയിച്ചോ എന്ന് മുംബയ് പൊലീസ് അന്വേഷിക്കും. ആത്മഹത്യ തന്നെയെങ്കിലും, താരങ്ങൾ തമ്മിലുള്ള മത്സരം സുശാന്തിനെ വിഷാദത്തിന് അടിമയാക്കിയെന്ന് സൂചിപ്പിക്കുന്ന വാർത്തകൾ വന്നിരുന്നു. ആത്മഹത്യയിലക്ക് നയിച്ച കാരണങ്ങളാണ് അന്വേഷിക്കുകയെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും അറിയിച്ചിട്ടുണ്ട്.