ജനീവ: കാശ്‌മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്ത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിൽ കാശ്‌മീർ വിഷയം പാക്കിസ്ഥാൻ ഉന്നയിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാകിസ്താന്റേതെന്ന് ഇന്ത്യയുടെ പെർമനന്റ് മിഷൻ സെക്രട്ടറി സെന്തിൽ കുമാർ പറഞ്ഞു.
ജമ്മു കാശ്‌മീരിൽ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടർന്നുള്ള സംഭവങ്ങൾഉന്നയിച്ച പാകിസ്ഥാന്റെ നടപടി ഗൗരവതരമായി കാണുന്നെന്ന് ഇന്ത്യ വ്യക്തമാക്കി. മനുഷ്യാവകാശ കൗൺസിലിനെയും അതിന്റെ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന നടപടി പാകിസ്ഥാൻ തുടരുന്നത് ദൗർഭാഗ്യകരമാണ്. ദക്ഷിണേഷ്യയിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൂട്ടക്കൊലകൾ നടക്കുന്ന രാജ്യമാണ് പാകിസ്ഥാൻ എന്നിരിക്കെയാണ് അവർ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത്. മറ്റുള്ളവർ ആവശ്യപ്പെടാതെ ഉപദേശങ്ങൾ കൊടുക്കുന്നതിനു മുമ്പ് സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം പാകിസ്ഥാനെ ഉപദേശിച്ചു.
ജമ്മു കാശ്‌മീരിൽ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടർന്ന് അവിടെ ഒരുവിധത്തിലുമുള്ള സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. മേഖലയിലെ സമാധാനം നശിപ്പിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തീർത്തും വിശ്വാസ്യത ഇല്ലാത്ത ഒരു രാജ്യമാണ് മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നത്. മതമൗലികവാദത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും രൂപംകൊണ്ട രാജ്യമാണതെന്നും ഇന്ത്യ പാക്കിസ്ഥാനെ വിമർശിച്ചു.
ഭരണകൂടം നടപ്പിലാക്കുന്ന നിയമങ്ങളെ കാറ്റിൽപ്പറത്തിയുള്ള കൊലപാതകങ്ങൾ, ഭരണകൂട ഭീകരത, ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിക്കൽ, സൈനിക നടപടികൾ, പീഡന ക്യാമ്പുകൾ, തടങ്കൽ പാളയങ്ങൾ തുടങ്ങിയവ ബലൂചിസ്ഥാനിൽ സാധാരണ സംഭവങ്ങളാണെന്ന് പെർമനന്റ് മിഷൻ സെക്രട്ടറി സെന്തിൽ കുമാർ വ്യക്തമാക്കി.