തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജൻ. ചാർട്ടേഡ് വിമാനത്തിൽ മാത്രമല്ല, വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രി വ്യക്തമാക്കി. രോഗമുള്ള പ്രവാസികളെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണം. രോഗവ്യാപന സാദ്ധ്യതയുള്ളതുകൊണ്ടാണ് ഈ നിർദേശം വച്ചതെന്നും എല്ലാവരും നാട്ടിലെത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
അതേസമയം ജയരാജന്റെ പ്രസ്താവന കൂടി വന്ന സാഹചര്യത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമല്ലാത്ത രാജ്യാന്തര വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോയേക്കില്ല എന്നാണ് സൂചന. പ്രതിഷേധമുണ്ടെങ്കിലും സംസ്ഥാനത്തെ രോഗനിരക്ക് പിടിച്ചു നിറുത്താൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിലപാടിൽ സംസ്ഥാനം ഉറച്ചുനിന്നേക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകും. സർക്കാർ തീരുമാനത്തിനെതിരെ പ്രവാസികളും പ്രതിപക്ഷവും ശക്തമായ ഭാഷയിലാണ് വിമർശനം ഉയർത്തുന്നത്.