pic

തിരുവനന്തപുരംഃ കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ജനറൽ ആശുപത്രിയിൽ ദിവസവേതനക്കാരായ 130 ഓളം താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന് പരാതി. ആശുപത്രി വികസനസമിതിയുടെ ഫണ്ടിൽ നിന്ന് ശമ്പളം വാങ്ങി ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിച്ചിരിക്കുന്നത്. ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ രാപകൽ വിശ്രമമില്ലാതെ പണിയെടുക്കുന്ന ശുചീകരണ ജീവനക്കാരുൾപ്പെടെയുള്ള ദിവസവേതനക്കാരോടാണ് ആരോഗ്യ വകുപ്പിന്റെ ക്രൂരത.

കൊവിഡ് തുടങ്ങിയശേഷം ഓ.പികളിലും മറ്റുമായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം പൊതുവിൽ കുറവാണ്. ഓ.പി ടിക്കറ്റ്,​ വിവിധ പരിശോധനകളുടെ ഫീസ്,​പാർക്കിംഗ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് താൽക്കാലിക ജീവനക്കാ‌ർക്ക് ശമ്പളം നൽകിയിരുന്നത്. കൊവിഡ് ആരംഭിച്ചശേഷം ആശുപത്രിയിൽ രോഗികളുടെയും സന്ദർശകരുടെയും എണ്ണം കുറഞ്ഞതിനാൽ ഇത്തരത്തിലുള്ള വരുമാനവും നാമമാത്രമായി. ഇത് കാരണം കഴിഞ്ഞ ഏപ്രിൽ മുതൽ ജീവനക്കാരുടെ ശമ്പളം ഒരുമാസത്തോളം വൈകിയാണ് നൽകിവരുന്നത്. 20 ഓളം സെക്യൂരിറ്റി ജീവനക്കാർ,​ 15 ക്ളീനിംഗ് ജീവനക്കാർ,​ഓ.പി കൗണ്ടറുകളിൽ ജോലി നോക്കുന്നവർ,​ഇ.സി.ജി,​ ലാബ് ടെക്നീഷ്യൻമാർ,​ഫാർമസിസ്റ്റ് ,​ ഡയാലിസിസ് ടെക്നീഷ്യൻമാർ,​ നഴ്സുമാർ തുടങ്ങിയവർക്കാണ് കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും ലഭിക്കാത്തത്.

500 മുതൽ 550 രൂപവരെയാണ് ഇവർക്ക് ദിവസവേതനമായി നൽകുന്നത്. കുട്ടികളുടെ പഠനം,​ വീട്ടുവാടക,​ ബാങ്ക് വായ്പ എന്നിവയ്ക്കും നിത്യചെലവിനും തുച്ഛമായ മാസശമ്പളമാണ് ഇവർക്ക് ആശ്രയം. ആശുപത്രി വികസനസമിതിയുടെ ഫണ്ടിൽ നിന്നാണ് ഇവരുടെ ശമ്പളം നൽകേണ്ടത്. വർഷങ്ങളായി ആശുപത്രി വരുമാനത്തിൽ നിന്ന് നല്ലൊരു തുക ആശുപത്രി വികസനഫണ്ടിൽ മിച്ചമുണ്ടായിരുന്നു. കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ പണം സർക്കാ‌രിന് കൈമാറിയതാണ് ഇപ്പോൾ താൽക്കാലിക ജീവനക്കാരുടെ അന്നം മുടക്കിയത്. ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ താൽക്കാലിക ജീവനക്കാരുടെ ജോലിഭാരം കൂടിയിട്ടുണ്ട്. സ്ഥിരം ജീവനക്കാരിൽ പലർക്കും ഡ്യൂട്ടികഴിഞ്ഞാൽ അർഹതപ്പെട്ട അവധിയും ആനുകൂല്യങ്ങളും ലഭിക്കുമെന്നിരിക്കെ ജീവൻ പണയം വച്ച് എല്ലാ ദിവസവും ജോലിക്കെത്തുന്ന താൽക്കാലിക ജീവനക്കാരെയാണ് യഥാസമയം ശമ്പളം നൽകാതെ വലയ്ക്കുന്നത്.

കഴിഞ്ഞദിവസം ജീവനക്കാ‌ർ ആശുപത്രി സൂപ്രണ്ട്,​ ആർ.എം.ഒ,​ ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരെ കണ്ട് പരാതി ഉന്നയിച്ചിട്ടും ശമ്പളം ലഭ്യമാക്കാൻ നടപടിയായിട്ടില്ലെന്നാണ് ജീവനക്കാരുടെ ആരോപണം. എന്നാൽ ഫണ്ടിന്റെ കുറവ് കാരണമാണ് ശമ്പളം വൈകിയതെന്നും ആർ.എസ്.ബി.വൈയിൽ ഫണ്ട് ലഭ്യമാക്കി ഉടൻ ശമ്പളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായും ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തി.