തിരുവനന്തപുരം: ദേശീയപാത വീതികൂട്ടൽ ജോലികൾ പുരോഗമിക്കുന്ന ആറ്റിങ്ങലിൽ രാത്രികാല അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി പൊലീസ്. മംഗലപുരത്ത് സുഹൃത്തിന്റെ ഭാര്യവീട്ടിൽ പോയി മടങ്ങിയ കല്ലുവാതുക്കൽ സ്വദേശികളായ സുഹൃത്തുക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് നടപടി. രണ്ട് ദിവസം മുമ്പ് ദേശീയപാത നിർമാണ ജോലികളുമായി ബന്ധപ്പെട്ട് നിറുത്തിയിട്ടിരുന്ന ടിപ്പറിന്റെ പിന്നിൽ മറ്റൊരു ടിപ്പറിടിച്ച് തമിഴ്നാട് സ്വദേശിയായ ക്ളീനർ മരണപ്പെട്ട സംഭവവും ആറ്റിങ്ങലിലുണ്ടായി.
അപകടങ്ങളും മരണങ്ങളും തുടർച്ചയായ സാഹചര്യത്തിലാണ് ദക്ഷിണമേഖലാ ട്രാഫിക് പൊലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലുൾപ്പെടെ അപകട സാദ്ധ്യതാ മേഖലകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചത്. മഴക്കാലത്തോടനുബന്ധിച്ച് അപകട സാദ്ധ്യതയുള്ളയിടങ്ങളിൽ സിഗ്നൽ ലൈറ്റ്, അപായസൂചനാ ബോർഡ്, സൈൻബോർഡ് എന്നിവ സ്ഥാപിക്കും. രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കും.റോഡ് നിർമാണം നടക്കുന്നതിനാൽ പ്രധാന കേന്ദ്രങ്ങളിൽ മുന്നറിയിപ്പുകളും റിഫ്ളക്ടറുകളും സ്ഥാപിക്കും. ആറ്റിങ്ങലിൽ മൂന്ന് മുക്ക് മുതൽ പൂവൻപാറ വരെ മൂന്ന് കി.മീറ്റർ ദൂരത്തിലാണ് നിർമാണ ജോലികൾ നടക്കുന്നത്. റോഡിന്റെ വശങ്ങൾ ഓട നിർമാണത്തിനായി തുരന്നും മൺ കൂനകളും നിർമാണ സാമഗ്രികളും റോഡരികിൽ നിരന്നും കിടക്കുന്നതിനാൽ അപകട സാദ്ധ്യതയേറെയാണ്.
ഇവിടങ്ങളിൽ വാഹനങ്ങളുടെ വേഗം കുറയ്ക്കാനും പൊലീസിന്റെ നിരീക്ഷണം ശക്തമാക്കാനും പൊലീസ്, നഗരസഭ, പൊതുമരാമത്ത് വിഭാഗം എന്നീവിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.ഹോമിയോ ആശുപത്രി, കച്ചേരിജംഗ്ഷൻ,ടി.ബി ജംഗ്ഷൻ, മൂന്ന് മുക്ക്, നാലു മുക്ക് തുടങ്ങിയ കേന്ദ്രങ്ങളിലും പൊലീസ് സാന്നിദ്ധ്യവും നിരീക്ഷണവും ശക്തമാക്കും.
ട്രാഫിക് പൊലീസ് സൂപ്രണ്ട് കൃഷ്ണകുമാറിനെ കൂടാതെ ഡിവൈ.എസ്.പി എസ്.വൈ സുരേഷ്, സി.ഐ വിപിൻ, എൻ.എച്ച്, വിഭാഗം അസി. എക്സി. എൻജിനീയർ ഹരികുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.