police
പൊലീസ്

 ക്രൈംസ്‌ക്വാഡുകൾ രൂപീകരിക്കാൻ ഡി.ജി.പിയുടെ ഉത്തരവ്

തിരുവനന്തപുരം: നിരപരാധികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പിരിച്ചുവിട്ട പൊലീസിലെ ക്രൈം സ്ക്വാഡുകൾ വീണ്ടും വരുന്നു.

കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ അതിവേഗം പിടികൂടാനും എസ്.പിമാർക്ക് ക്രൈംസ്‌ക്വാഡുകൾ രൂപീകരിക്കാനുള്ള അനുമതി നൽകി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവിട്ടു.

ലോക്കൽപൊലീസിനെപ്പോലും അറിയിക്കാതെ ആരെയും കസ്റ്റഡിയിലെടുക്കാനും രഹസ്യകേന്ദ്രത്തിൽ ഭേദ്യംചെയ്യാനും മൗനസമ്മതം കിട്ടുന്ന ഇവർ ക്വട്ടേഷൻ സംഘങ്ങളുമായി ചങ്ങാത്തം കൂടി ക്രമസമാധാനത്തിന് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ കേസ് ഒതുക്കാനും ഈ സംഘത്തെ ഉപയോഗിച്ചിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.എ.ആർ ക്യാമ്പുകളിലെ പൊലീസുകാരാണ് സ്‌ക്വാഡുകളിലുണ്ടാവുക.

സ്ക്വാഡുകൾ പലപേരുകളിൽ

ഡിവൈ.എസ്.പിമാർക്കും സി.ഐമാർക്കും സ്‌ക്വാഡുകളുണ്ടായിരുന്നു.തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലയെത്തുടർന്ന് എല്ലാ ക്രൈം സ്‌ക്വാഡുകളും പിരിച്ചുവിടാൻ 2005ൽ സർക്കാർ ഉത്തരവിട്ടെങ്കിലും ഷാഡോ സ്‌ക്വാഡ്, സ്പെഷ്യൽ സ്‌ക്വാഡ്, സ്ട്രൈക്കർസംഘം, ഗുണ്ടാ സ്‌ക്വാഡ്, ലഹരിവിരുദ്ധസ്‌ക്വാഡ് തുടങ്ങിയ പേരുകളിൽ പ്രവർത്തനം തുടർന്നു. 2010ൽ സ്പെഷ്യൽ സ്‌ക്വാഡുകൾ ആവശ്യമില്ലെന്ന് ഡി.ജി.പി ജേക്കബ്പുന്നൂസ് ഉത്തരവിട്ടു. 2018ൽ വരാപ്പുഴ കസ്റ്റഡി കൊലക്കേസോടെ എല്ലാ സ്‌ക്വാഡുകളും പിരിച്ചുവിട്ടു.

പുറത്തറിഞ്ഞ കുറ്റകൃത്യങ്ങൾ

1) 2005 തിരുവനന്തപുരം സിറ്റി ക്രൈം സ്‌ക്വാഡ്: മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്ന് പിടികൂടിയ ഉദയകുമാറിനെ ഫോർട്ട് സ്റ്റേഷനിൽ ഉരുട്ടിക്കൊലപ്പെടുത്തി.

2) 2012: കാസർകോട് സ്ക്വാഡ്: ജുവലറികൾ കൊള്ളയടിക്കാനും സ്വർണവ്യാപാരിയെ അടിച്ചുവീഴ്‌ത്താനും കൊള്ളസംഘത്തലവന് നിർദ്ദേശം നൽകി.

3) 2017: കോഴിക്കോട് സിറ്റി ക്രൈംസ്‌ക്വാഡ്-ഭീഷണിപ്പെടുത്തി 17റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

4) 2018: റൂറൽ ടൈഗർഫോഴ്സ് -എറണാകുളം വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ ലോക്കപ്പിലിട്ട് മർദ്ദിച്ചുകൊലപ്പെടുത്തി.

പ്രതിയെ പിടിക്കാനെന്ന പേരിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രികാല റെയ്ഡ് ഹോബി.

5) 2018:കണ്ണൂർ ക്രൈം സ്ക്വാഡ്: ഷുഹൈബ് വധക്കേസന്വേഷണത്തിൽ വീഴ്ച.വിവരങ്ങൾ ചോർത്തി നൽകി.

6) 2019: തിരുവനന്തപുരം സിറ്റി ഷാഡോ സംഘം: നഗരത്തിലെ പ്രമുഖഹോട്ടലിൽ ഡി.ജെ പാർട്ടി നടക്കുന്നതിനിടെ പിരിവിന് ശ്രമം.

''ക്രൈം സ്‌ക്വാ‌ഡുകൾ അപകടകരമാണ്. വലിയ അതിക്രമങ്ങളുണ്ടാവുമ്പോഴേ ഉന്നതർ അറിയൂ. അന്വേഷണത്തിന് സ്പെഷ്യൽ ടീമുണ്ടാക്കാം. അന്വേഷണത്തിനുശേഷം അവ പിരിച്ചുവിടണം.''

എ.ഹേമചന്ദ്രൻ

മുൻ ഡി.ജി.പി