sakir-hussain

കൊച്ചി: കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടില്ല. പ്രചാരണം അടിസ്ഥാനരഹിതമെന്നും അദേഹം പറഞ്ഞു. ഇപ്പോഴും സക്കീർ തന്നെയാണ് ഏരിയ സെക്രട്ടറി. സക്കീറിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പാർട്ടി തീരുമാനം എടുക്കുമ്പോൾ പരസ്യമായി അറിയിക്കുമെന്നും മോഹനൻ പറഞ്ഞു.

അതേസമയം പാർട്ടി തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് സക്കീർ ഹുസൈനും പ്രതികരിച്ചു. തനിക്കെതിരായ നടപടിയെക്കുറിച്ച് പറയേണ്ടത് സി.പി.എം ജില്ലാ നേതൃത്വമാണ്. തന്റെ പേരിൽ സ്വത്തുക്കൾ ഇല്ല. തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കുകയുമില്ല. തനിക്കെതിരെ പരാതി നൽകിയത് ഒരു വിവരാവകാശ ​ഗുണ്ടയാണ്. അന്വേഷണം അടക്കമുള്ളവ പാർട്ടിയുടെ പരിധിയിൽ വരുന്നതാണ്. തനിക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും സക്കീർ ഹുസൈൻ പറഞ്ഞു.

എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ പുറത്താക്കിയെന്ന് ഇന്നലെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കളമശ്ശേരി ഏരിയാ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ. കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ ആഭ്യന്തര അന്വേഷണസമിതി സക്കീർ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു.