തിരുവനന്തപുരം: സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെയും പണി പൂർത്തിയായ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തെയും പരിഗണിക്കാതെ ഐരാണിമുട്ടത്തെ ഗവ.ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമായി. ഇവിടത്തെ കാൻസർ ചികിത്സ ഉൾപ്പെടെയുള്ളതെല്ലാം അവസാനിപ്പിച്ചതിലും ഡോക്ടർമാർക്ക് കടുത്ത പ്രതിഷേധമുണ്ട്. അദ്ധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർ ഇന്നലെ യോഗം ചേർന്ന് സർക്കാർ തീരുമാനം തിരുത്താൻ വേണ്ട നടപടികളെടുക്കണമെന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.
ഐരാണിമുട്ടം ഹോമിയോ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയെന്ന വിവരം 15ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ചൂടേറിയ ചർച്ചയ്ക്ക് വഴി തുറന്നത്.
അടുത്തമാസം മുതൽ പരീക്ഷ ആരംഭിക്കുകയാണ്. പ്രക്ടിക്കൽ പരീക്ഷയ്ക്ക് രോഗികൾ വേണം. ഹോമിയോ ചികിത്സ നിഷേധിക്കപ്പെടുമ്പോൾ എങ്ങനെ പരീക്ഷയിൽ പങ്കെടുക്കുമെന്ന് വിദ്യാർത്ഥികളും ചോദിക്കുന്നു.
മെഡിക്കൽ കോളേജിൽനിന്ന് കുറച്ചു മാറിയാണ് സർക്കാരിന്റെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. അവിടെ കിടത്തി ചികിത്സയ്ക്ക് സൗകര്യവുമുണ്ട്. എന്നിട്ടും പരിഗണിച്ചില്ല. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായുള്ള ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണവും പൂർത്തിയായി. വൈദ്യുതി കണക്ഷൻ കൂടി കിട്ടിയാൽ മതി. 200 മുറികളുള്ള ഈ കെട്ടിടവും പരിഗണിക്കാതെയാണ് പൂർണതോതിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കിയത്.
ഹോമിയോ ആശുപത്രിയുടെ ആദ്യ നില മാത്രം കൊവിഡ് വാർഡാക്കി മറ്റുള്ളവ ഹോമിയോ ചികിത്സയ്ക്കായി നിലനിറുത്താമായിരുന്നു. കൊവിഡ് ആശുപത്രിയാക്കാൻ സമ്മതിച്ച ആശുപത്രി അധികൃതർക്കെതിരെയും പ്രതിഷേധമുയർന്നു.