ന്യൂഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയായ ലഡാക്കിൽ സംഘർഷം. സംഘർഷത്തിൽ ഒരു കരസേനാ ഓഫീസറും രണ്ട് സൈനികരും വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ഗൽവാർ താഴ്‌വരയിലാണ് സംഘർഷമുണ്ടായത്. കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് മരണപ്പെട്ടവരിൽ ഒരാൾ. സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീർക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അതിർത്തിയിൽ സംഘർഷമുണ്ടായിരിക്കുന്നത്.
സൈനിക, നയതന്ത്ര ചർച്ചകൾ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി - ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവർ തമ്മിലുള്ള ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്റെയും അടിസ്ഥാനത്തിൽ തർക്കം പരിഹരിക്കാനായിരുന്നു ധാരണ. ആക്രമണം നടന്നത് ഇന്നലെ രാത്രിയാണെന്നാണ് വിവരം. പ്രശ്നപരിഹാരത്തിന് ഇരുസേനാവിഭാഗങ്ങളും ചർച്ച തുടങ്ങി.
ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് വിവരം. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ യോഗം ചേരുകയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ചൈന അതിര്‍ത്തിയിൽ സംഘർഷം സൈനികരുടെ മരണത്തിലേക്ക് നയിക്കുന്നത്.അതേസമയം അതിർത്തിയിൽ വെടിവയ്പ്പുണ്ടായിട്ടില്ലെന്നാണ് ഇന്ത്യൻ സേനയുടെ വിശദീകരണം.