സമൂഹത്തിൽ ആത്മഹത്യകൾ കൂടുമ്പോൾ അതിനെ രണ്ട് തരത്തിൽ സമീപിക്കണം. ഒന്ന് മനോരോഗത്തിന്റെ ഭാഗവും മറ്റൊന്ന് സാമൂഹ്യ പശ്ചാത്തലവുമാണ്. മനോരോഗത്തിന്റെ ഭാഗമായി ആത്മഹത്യ പ്രവണതയെ കാണുമ്പോൾ പ്രധാനമായും പരിഗണിക്കേണ്ടത് വിഷാദ രോഗത്തെക്കുറിച്ചാണ്. വിഷാദരോഗം ഉള്ളവരുടെ മസ്തിഷ്ക പ്രവർത്തനം സാധാരണയിൽ നിന്നും വളരെ വ്യത്യസ്തമാണ്. സാധാരണ യുക്തിബോധത്തോടെ ചിന്തിക്കാനോ ചിന്താധാരയെ നിയന്ത്രിക്കാനോ കഴിവില്ലാതെയാകുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം ജീവൻ ഇല്ലാതാക്കുക മാത്രമാണെന്നും വിശ്വസിക്കുന്നു. ഇതാണ് പലപ്പോഴും ആത്മഹത്യകളിലേക്ക് നയിക്കുന്നത്. ഇത് കുട്ടികളിലും മുതിർന്നവരിലും വ്യത്യസ്തമാണ്.
എന്തുകൊണ്ട്
ആത്മഹത്യ
ഒരു പ്രശ്നത്തെ നമ്മൾ എങ്ങനെ നേരിടുന്നു. അതിന് പരിഹാരം എങ്ങനെ കാണുന്നു എന്നതാണ് ഒരാളുടെ വിജയത്തിന്റെ അളവുകോൽ. ഒരു പ്രശ്നം വരുമ്പോൾ ചിലതിനോട് പോരാടും, ചിലതിൽ നിന്നും ഒളിച്ചോടും. അത് ഒരാൾ ജീവിത സാഹചര്യത്തിൽ നിന്നാണ് പഠിക്കുന്നത്. പ്രശ്നങ്ങളെ നേരിടാനാണ് ഒരു കുട്ടിയെ പഠിപ്പിക്കുന്നതെങ്കിൽ പ്രായം കൂടുന്നതിനൊപ്പം അവനിൽ നേരിടാനുള്ള ശേഷിയും വർദ്ധിക്കും. അല്ലാത്തവർ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും. അല്ലെങ്കിൽ അപമാനിതരാകും തുടങ്ങിയ ചിന്തകളാണ് ഒരാളുടെ ആത്മവിശ്വാസത്തെ തകർക്കുന്നത്. എന്നാൽ അതിന് മറ്റൊരു വഴിയുണ്ടെന്ന് കണ്ടെത്താൻ ശ്രമം നടത്തില്ല.
കുട്ടികളിൽ സാഹചര്യം പലത്
പരീക്ഷയ്ക്ക് തോറ്റാൽ അതിന് അപ്പുറത്തേക്ക് ജീവിതം ഇല്ലെന്ന തെറ്റായ ധാരണയിൽ പലരും ആത്മഹത്യയിലേക്ക് എത്തുന്നു. എപ്പോഴും ഒന്നാമതെത്തണം എന്ന ധാരണ അറിയാതെ പോലും മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്നു. ഇത് ദോഷകരമാണ്.
കുട്ടികൾ എന്ത് ആഗ്രഹിച്ചാലും അത് നേടിക്കൊടുക്കുമെന്ന് മാതാപിതാക്കളുടെ അഭിമാനമായി പറയുന്നു. നേടിക്കൊടുക്കാൻ കഴിയുന്നവയ്ക്ക് പരിമിതിയുണ്ട്. അസാദ്ധ്യമായ എന്തെങ്കിലും കാര്യം ആവശ്യപ്പെടുന്ന സമയത്തായിരിക്കും മാതാപിതാക്കൾ നോ പറയുന്നത്. അത് കുട്ടിക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ലെന്ന് വരും. ആ സാഹചര്യത്തെ എങ്ങനെ നേരിടുന്നുവെന്നത് കുട്ടിവളർന്ന സാഹചര്യത്തെ അനുസരിച്ചിരിക്കും.
ആത്മഹത്യാ
മനോഭാവം
ആത്മഹത്യാ മനോഭാവം ഉള്ളവരുമായി അടുത്ത് ഇടപഴകുന്നവർക്ക് അത് തിരിച്ചറിയാൻ കഴിയും. ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കുക, രാത്രി എല്ലാവരും ഉറങ്ങി കഴിയുമ്പോൾ ഒറ്റയ്ക്ക് ഇരിക്കാനുള്ള ശ്രമം. മൂകത, പതിവായി ചെയ്തിരുന്ന കാര്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം. എപ്പോഴും തനിച്ച് ഇരിക്കാൻ ഇഷ്ടപ്പെടുക, മുറിയുടെ വാതിലുകൾ അടച്ച് അതിനുള്ളിൽ കഴിയുക, മരണത്തെക്കുറിച്ച് എഴുതിവയ്ക്കുകയോ പറയുകയോ ചെയ്യുക. ഇവയെല്ലാം ആത്മഹത്യാ പ്രവണതയുള്ളവരിൽ കാണാറുണ്ട്. കുട്ടികളെ സംബന്ധിച്ചാണെങ്കിൽ അച്ഛനമ്മമാർക്ക് ഇത് തിരിച്ചറിയാൻ കഴിയും. കുട്ടികളിൽ മാറ്റം ഉണ്ടായാൽ അത് കണ്ടെത്തുന്നതോടൊപ്പം മാതാപിതാക്കൾ ആദ്യം അത് അംഗീകരിക്കണം. തുടർന്ന് സൈക്യാട്രിസ്റ്റിന്റെയോ ബന്ധപ്പെട്ടവരുടെയോ സേവനം തേടണം. കൗൺസലിംഗ് ഉൾപ്പെടെ നൽകണം. എന്റെ കുട്ടിക്ക് കുഴപ്പമില്ല. സൈക്യാട്രിസ്റ്റിനെ കാണില്ല തുടങ്ങിയ പിടിവാശി ദോഷകരമാകും.
എങ്ങനെ
പ്രതിരോധിക്കാം
കുട്ടികളുടെ കാര്യത്തിൽ ഉത്കണ്ഠവേണം. പക്ഷേ അത് അമിതമാകരുത്. കളിയിലോ പരീക്ഷയിലോ തോറ്റാൽ അത് അവിടെ അവസാനിക്കണം.അല്ലാതെ അതിന്റെ പേരിൽ ക്രൂശിക്കരുത്. അതുപോലെ അച്ഛനോ അമ്മയോ അല്ലെങ്കിൽ അദ്ധ്യാപകരോ ഒരു കുട്ടിയുടെ ട്രസ്റ്റഡ് പേഴ്സൺ ആയി മാറണം. പ്രായപൂർത്തിയാകുന്നത് വരെയങ്കിലും അവർക്ക് എന്തും എപ്പോഴും പറയാൻ കഴിയുന്ന ഒരാൾ ഉണ്ടാകണം. ഈ മൂന്ന് വ്യക്തികൾക്കാണ് അതിനുള്ള സ്ഥാനം. കുട്ടികൾ മനസു തുറന്ന് സംസാരിക്കുന്ന സമയത്ത് അവരിലൊരാളായി നിന്ന് കേൾക്കുകയും മറുപടി നൽകുകയും വേണം. അല്ലാതെ വിമർശിക്കാൻ മുതിരരുത്. എന്തും പറയാൻ ഒരാളുണ്ടായാൽ എല്ലാം അവിടെ അവസാനിക്കും.
ലോക്ക് ഡൗൺ
കാലത്തെ
ആത്മഹത്യകൾ
ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കാതിരിക്കുകയാണ് വേണ്ടത്. മറ്റു കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ മാനസികമായി വ്യക്തിയെ കീഴ്പ്പെടുത്തില്ല. എന്നാൽ ലോക്ക് ഡൗൺ കാലത്ത് ഇത്തരം പ്രതിസന്ധിയിലൂടെ കടന്നുപോയവർക്ക് അതിനെ അതിജീവിക്കാൻ മറ്റ് വഴികളുണ്ടായില്ല. സുഹൃത്തുക്കളെ കാണാനോ മറ്റുള്ള തിരക്കുകളിലേക്ക് മാറാനോ കഴിഞ്ഞില്ല. കുട്ടികളിൽ പ്രധാനമായും സുഹൃത്തുക്കളെ കാണാൻ കഴിയാത്തതും കാര്യങ്ങൾ പങ്കുവയ്ക്കാൻ സാധിക്കാത്തതും മരണത്തിലേക്ക് നയിച്ച കാരണങ്ങളാകും. കുട്ടികളെ സംബന്ധിച്ച് സ്ക്കൂളുകളും മറ്റുള്ളവർക്ക് ജോലിസ്ഥാപനങ്ങളും കരുത്ത് പകരുന്ന ഇടം കൂടിയാണ്.
(കവടിയാർ,എൻലൈറ്റ് സെന്റർ ഫോർ ഹോളിസ്റ്റിക്കിലെ സൈക്കോളജിസ്റ്റാണ് ലേഖിക. ഫോൺ: 9496814274 )