കടയ്ക്കാവൂർ: സാമൂഹ്യക്ഷേമ കേന്ദ്രത്തിന്റെ കഴുത്തിൽ കത്തിവയ്ക്കുന്ന നിലപാടിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നു.
കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും കീഴിൽ പ്രവർത്തിക്കുന്ന കീഴാറ്റിങ്ങൽ കേന്ദ്രം മുക്കിലുള്ള ബേബി ക്രഷിന്റെ കഴുത്തിലാണ് കത്തിവയ്ക്കാനൊരുങ്ങുന്നത്. ഇവിടെ മാലിന്യ നിർമ്മാർജന പ്ലാന്റ് നിർമ്മിക്കാനാണ് നീക്കം.
സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിലും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ ബേബി ക്രഷ്. റോഡ് സൈഡിൽ 11 സെന്റ് സ്ഥലവും പഴയ ഒരു കെട്ടിടവുമാണുള്ളത്. ഈ കെട്ടിടം ജീർണിച്ചു ഏത് സമയവും നിലം പൊത്തുമെന്ന അവസ്ഥയായതോടെയാണ് ക്രഷിന്റെ പ്രവർത്തനം തൊട്ടടുത്തുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയത്. ബേബി ക്രഷിന്റെ പ്രവർത്തനം നല്ല നിലയിൽ നടക്കുന്നതിനാൽ സ്ഥലവാസികൾക്ക് അവരുടെ കുഞ്ഞുങ്ങളെ ഈ സ്ഥാപനത്തിലാക്കുന്നതിന് വളരെ താത്പര്യമാണ് കാണിക്കുന്നത്. കേന്ദ്ര സാമൂഹ്യ വകുപ്പ് ഏറ്റെടുത്തത് മുതൽ ടീച്ചറിന്റെയും ആയയുടെയും ശമ്പളം കുരുന്നുകളുടെ ആഹാരം തുടങ്ങിയുള്ള ചെലവുകളുടെ അറുപതു ശതമാനം കേന്ദ്രസർക്കാരും മുപ്പതുശതമാനം സംസ്ഥാനസർക്കാരും പത്തുശതമാനം കുട്ടികളുടെ രക്ഷാകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും കണ്ടെത്തണമെന്നാണ് നിയമം. ബേബിക്രഷിന് സ്വന്തമായുള്ള സ്ഥലത്താണ് മാലിന്യനിർമ്മാർജന പ്ളാന്റ് നിർമ്മിക്കാൻ പഞ്ചായത്ത് നീക്കമാരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും നിലവിൽ രംഗത്ത് വന്നിട്ടുണ്ട്. ആറുമാസം മുതൽ ആറുവയസുവരേയുള്ള കുട്ടികളുടെ ഈ സംരക്ഷണകേന്ദ്രം പുതുക്കി പണിത് നിലനിറുത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.