editorial

മഹാമാരി വിതച്ച ഭീതിക്കൊപ്പം അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്ത സംഭവങ്ങളിൽ നിത്യേന ഞെട്ടിവിറച്ചുനിൽക്കേണ്ട ദൗർഭാഗ്യത്തിലാണ് കേരളീയ സമൂഹം. എത്രയെത്ര ദാരുണ സംഭവങ്ങൾക്കാണ് കടന്നുപോയ ദിവസങ്ങൾ സാക്ഷിയായത്. അപകട മരണങ്ങൾ, ആത്മഹത്യകൾ, കൊലപാതകങ്ങൾ എന്നുവേണ്ട ഓർത്തോർത്തു വേദനിക്കാൻ എന്നുമുണ്ടാകുന്നുണ്ട് മുറിപ്പെടുത്തുന്ന കാര്യങ്ങൾ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ രണ്ടുമാസത്തിനിടെ എത്രയോ പേരുടെ ജീവൻ റോഡപകടങ്ങളിൽ നഷ്ടമായി. റോഡുകളിൽ തിരക്കു കുറയുമ്പോൾ അപകടങ്ങൾ കുറയുമെന്നു പറയാറുണ്ടെങ്കിലും വാസ്തവം മറിച്ചാണെന്നു ലോക്ക് ഡൗൺ ദിനങ്ങളിൽ തെളിഞ്ഞതാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ആറ്റിങ്ങലിൽ പാൽ ലോറിയും കാറും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്നവരിൽ മൂന്നു യുവാക്കളാണ് അകാലമൃത്യുവിന് ഇരയായത്. പരിക്കേറ്റ അഞ്ച് യുവാക്കൾ ആശുപത്രിയിലാണ്. തിങ്കളാഴ്ച എറണാകുളത്ത് പെരുമ്പാവൂരിലെ ബാങ്ക് ഒഫ് ബറോഡയിൽ പുറത്തേക്കു പോകുന്നതിനിടെ ചില്ലുവാതിൽ തകർന്ന് ദേഹത്തു കുത്തിക്കയറി രക്തം വാർന്നു മരിച്ച ബീന എന്ന നാല്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ അതിദാരുണമായ മരണ വാർത്ത വായിച്ച് നൊമ്പരപ്പെടാത്തവരായി ആരും കാണില്ല. അതുപോലെ തന്നെയാണ് നാവായിക്കുളത്ത് പാമ്പുപിടിത്തക്കാരനായ സക്കീർ എന്ന മുപ്പതുകാരന്റെ ദാരുണാന്ത്യവും.

അപകടം ആരും കരുതിക്കൂട്ടി ഉണ്ടാക്കുന്നതല്ല. ആകസ്മികമായി അത് വന്നുചേരുകയാണെന്നു പറയാമെങ്കിലും കുറച്ച് കരുതലും ശ്രദ്ധയും എടുത്താൽ പലതും ഒഴിവാകുന്നവയുമാണ്. എത്രമാത്രം അനുഭവങ്ങൾ മുന്നിലുണ്ടായാലും ആരും അതൊന്നും ഓർക്കാറില്ലെന്നു മാത്രം. രാത്രിയാത്രയിൽ കാത്തിരിക്കുന്ന അപകടക്കെണികളെക്കുറിച്ച് പുറത്തുവന്നിട്ടുള്ള വിലപ്പെട്ട ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരു കുറവുമില്ല. ആരും അതൊന്നും കാര്യമായി എടുക്കാറില്ലെന്നതിനു തെളിവ് റോഡപകടങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ പക്കലുള്ള രേഖകൾ തന്നെയാണ്. ആറ്റിങ്ങലെ അപകടത്തിന് പിന്നിൽ സംസ്ഥാനത്ത് പൊതുവേ കാണാവുന്ന അധികൃതരുടെ ഗുരുതരമായ ഒരു വീഴ്ച കൂടിയുണ്ട്.

എന്തോ പണിക്കായി കുഴിച്ചിട്ടിരുന്ന റോഡിന്റെ ദുരവസ്ഥയാണ് പ്രത്യക്ഷത്തിൽ അപകടത്തിനു കാരണമായതെന്ന വിവരം ലഭ്യമായിട്ടുണ്ട്. റോഡിലെ കുഴിയിൽ വാഹനം വീഴാതിരിക്കാൻ പാൽ ലോറിക്കാരൻ ലോറി വെട്ടി ഒഴിക്കാൻ ശ്രമിച്ചപ്പോഴാണ് എതിരെ നിന്നു നല്ല വേഗത്തിലെത്തിയ കാറിൽ നേർക്കുനേർ ഇടിച്ചതത്രെ. സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്കു ശേഷം വീടുകളിലേക്കു മടങ്ങിയ എട്ടു ചെറുപ്പക്കാരാണ് കാറിലുണ്ടായിരുന്നത്. കൂട്ടുകാരന്റെ വിവാഹദിനത്തിൽ രാത്രി സന്ദർശനം നടത്തി വധൂവരന്മാരെ അമ്പരപ്പിക്കാൻ വേണ്ടിയായിരുന്നുവത്രെ ഈ രാത്രിയാത്ര. വധൂഗൃഹത്തിൽ ആഹ്ളാദം പങ്കിട്ട് മടങ്ങവെയാണ് അപകടം വഴിയിൽ കാത്തുനിന്നത്.

ജീവിതത്തിൽ ഏറ്റവും നല്ല പ്രായത്തിൽത്തന്നെയാണ് മൂന്നു യുവാക്കൾ ഒറ്റയടിക്ക് ഉറ്റവരെയെല്ലാം വിട്ടുപോയത്. ബന്ധുജനങ്ങൾക്കും ബന്ധുമിത്രാദികൾക്കും തീരാവേദന സമ്മാനിച്ചു മടങ്ങിയ ഇവരെ ഓർത്ത് ദുഃഖിക്കാനല്ലാതെ മറ്റെന്താണു ചെയ്യാനാവുക. ഇവരുടേതു മാത്രമല്ല റോഡിൽ പൊലിയുന്ന ഓരോ ജീവിതവും എത്രയെത്ര കുടുംബങ്ങളെയാണു തോരാക്കണ്ണീരിലാഴ്‌ത്തുന്നത്. വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ കാണിക്കുന്ന നേരിയ അശ്രദ്ധപോലും എത്രയധികം ദാരുണമായി പരിണമിക്കുമെന്നതിന്റെ ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട് ചൂണ്ടിക്കാട്ടാൻ. വാഹനങ്ങൾക്ക് കർക്കശ വിലക്കുണ്ടായിരുന്ന ലോക്ക് ഡൗൺ കാലത്തും നിരത്തുകളിൽ അനവധി പേർ അപകടത്തിനിരയായത് അതിശയമായി തോന്നാം. മുന്നിൽ പതിയിരിക്കുന്ന അപകടം മുൻകൂട്ടി കാണാനുള്ള ദിവ്യദൃഷ്ടി ആർക്കും കാണില്ല.

എന്നാൽ റോഡ് നിയമങ്ങൾ പാലിക്കുകയും അതീവ ശ്രദ്ധപുലർത്തുകയും ചെയ്താൽ അപകടങ്ങൾ പലതും ഒഴിവാക്കാനാകും. അതുപോലെതന്നെ പ്രധാനമാണ് റോഡ് പരിപാലനത്തിനു ചുമതലപ്പെട്ടവർ തന്നെ പുലർത്തിപ്പോരുന്ന മാപ്പർഹിക്കാത്ത കെടുകാര്യസ്ഥത. വിവിധ പണികൾക്കായി താറുമാറാക്കുന്ന പൊതു നിരത്തുകൾ പൂർവസ്ഥിതിയിലാകണമെങ്കിൽ റോഡ് യാത്രക്കാരിൽ പലരുടെയും ചോര ഒഴുകണം. ആറ്റിങ്ങലിൽ ഞായറാഴ്ച അപകടമുണ്ടായ സ്ഥലത്തെ കുഴി ദിവസങ്ങൾക്കു മുമ്പേ ഉണ്ടായതാണ്. നല്ല വേഗതയിൽ വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോഴായിരിക്കും റോഡിലെ ഗർത്തം കാണുക.

വാഹനം വെട്ടി ഒഴിവാക്കാനായിരിക്കും ഒട്ടുമിക്കവരും ഒരുമ്പെടുക. എതിരെ അപ്പോൾ വാഹനമൊന്നുമില്ലെങ്കിൽ അപകടമില്ലാതെ കഴിക്കാം. റോഡുകളിലെ തകരാറുകൾ കൊണ്ട് എത്ര വലിയ അപകടങ്ങളും അവയിൽ ഒട്ടേറെ മരണങ്ങളും ഉണ്ടായാലും ഇവിടെ ആർക്കും കുലുക്കമൊന്നും സംഭവിക്കാറില്ല. അധികൃതരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വ്യവഹാരത്തിന് ആരും പോകാറുമില്ല. അതുകൊണ്ടുതന്നെയാണ് മാസങ്ങളോളം നമ്മുടെ പൊതുനിരത്തുകൾ മരണക്കെണികളും ഒരുക്കി വഴിയാത്രക്കാരെ കാത്തുകിടക്കുന്നത്.

പെരുമ്പാവൂരിലെ ബാങ്കിൽ വീട്ടമ്മയായ ബീനയ്ക്കുണ്ടായ ദാരുണ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാകില്ല. നോക്കി നടക്കേണ്ടത് ഓരോരുത്തരുടെയും സ്വാഭാവിക ഉത്തരവാദിത്വമാണെന്നു പറയാമെങ്കിലും അകമേത്, പുറമേത് എന്ന് നന്നായി തിരിച്ചറിയാവുന്ന വിധത്തിലാകണം അവിടത്തെ ഗ്ളാസ് സജ്ജീകരണങ്ങൾ. വാതിൽ ഏതെന്നു നിശ്ചയമില്ലാതെ ധൃതിയിൽ ചെന്ന് ഗ്ളാസിലിടിച്ച് അനവധി പേർക്ക് അബദ്ധം പറ്റാറുണ്ട്. ശക്തിയായിടിച്ചാലും പൊട്ടിവീഴാത്ത ഗ്ളാസ് വേണം ഇങ്ങനെ ധാരാളം ആളുകൾ കടന്നുചെല്ലുന്ന സ്ഥാപനങ്ങളിൽ സ്ഥാപിക്കാൻ.

ലാഭം നോക്കി കട്ടികുറഞ്ഞ സാധാരണ ഗ്ളാസ് ഉപയോഗിച്ചിരുന്നതുകൊണ്ടാകണം ബാങ്കിന്റെ ഗ്ളാസ് പാനൽ വീട്ടമ്മ ചെന്നു തട്ടിയപ്പോൾ ഛിന്നഭിന്നമായി തകർന്നുവീണത്. അതുകൊണ്ടുതന്നെ നിർഭാഗ്യകരമായ ഈ മരണത്തിന് പ്രത്യക്ഷമായി ഉത്തരവാദികൾ ബാങ്ക് തന്നെയാണ്. ഭർത്താവും മൂന്നു കുട്ടികളുമടങ്ങുന്ന ഒരു കുടുംബമാണ് ഓർക്കാപ്പുറത്തു അനാഥമായിരിക്കുന്നത്. കെട്ടിടനിർമ്മാണത്തിലെന്നപോലെ അകം പണികളിലും മതിയായ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നതു കൂടിയാണ് ബാങ്കിലെ ഈ അപകടം.

പാമ്പു പിടിത്തം തൊഴിലാക്കിയ യുവാവിന്റെ മരണത്തിന് ഇടയാക്കിയത് തന്റെ കഴിവിലുള്ള അമിത വിശ്വാസമാകാം. പിടികൂടിയ പാമ്പുമായി സ്ഥലം വിടുന്നതിനു പകരം ആളുകളുടെ മുമ്പിൽ പാമ്പിനെ കൊണ്ട് വിദ്യകൾ കാട്ടാനൊരുമ്പെട്ടപ്പോഴാണ് അത് കൈയിൽ കൊത്തിയത്. അപകടം മനസിലാക്കാതെയുള്ള ഇത്തരം വിദ്യകൾ നിരുത്സാഹപ്പെടുത്താൻ കാഴ്ചക്കാരും ശ്രമിക്കേണ്ടതായിരുന്നു. പാവപ്പെട്ട ഒരു യുവാവിന്റെ കുടുംബത്തിന് ആശ്രയമില്ലാതാക്കി എന്നു പറഞ്ഞാൽ മതിയല്ലോ. ആ കുടുംബത്തിന്റെ സംരക്ഷണം സമൂഹത്തിന്റെ ബാദ്ധ്യത കൂടിയാണ്.