cave

സൈബീരിയ : പാതാളം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ 'വെരിയോവ്കിന'യിലെത്തുമ്പോൾ ശരിക്കും ഇത് തന്നെയാണ് പാതാളമെന്ന് തോന്നിപ്പോകും. ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും ആഴമേറിയ ഗുഹയാണ് ജോർജിയയിലെ അബ്ഖാസിയയിലെ ഗാഗ്രാ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന വെരിയോവ്കിന. സമുദ്രനിരപ്പിൽ നിന്നും 2,309 മീറ്റർ ( 7,575 അടി ) ഉയരത്തിലാണ് വെരിയോവ്കിനയുടെ ഗുഹാമുഖം സ്ഥിതി ചെയ്യുന്നത്. 1968ൽ ഒരു കൂട്ടം ഗവേഷകർ ചേർന്നാണ് ഈ ഭീമൻ ഗുഹ കണ്ടെത്തിയത്.

2,212 മീറ്ററാണ് ( 7,257 അടി ) വെരിയോവ്കിന ഗുഹയുടെ ആഴം. ആദ്യം എസ് - 115 എന്നായിരുന്നു ഈ ഗുഹയുടെ പേര്. 1986ലാണ് ' വെരിയോവ്കിന' എന്ന പേര് ലഭിച്ചത്. 1983ൽ റഷ്യയിലെ ഒരു ഭൂഗർഭ ഗുഹാപര്യവേഷണത്തിനിടെ മരിച്ച അലക്സാണ്ടർ വെരിവ്കിൻ എന്ന ഗവേഷകന്റെ സ്മരണാർത്ഥം ഗുഹയുടെ പേര് വെരിയോവ്കിന എന്ന് പുനഃർനാമകരണം ചെയ്യുകയായിരുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പല ഗവേഷണ സംഘങ്ങൾ ഗുഹയുടെ അടിത്തട്ടിലെത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും 2018ലാണ് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കാനായത്. നാഷണൽ ജ്യോഗ്രഫികിന്റെ ഫോട്ടോഗ്രാഫർ ഉൾപ്പെടെയുള്ള റഷ്യൻ ഗവേഷണ സംഘമായിരുന്നു അത്. അബ്ഖാസിയയിലെ തന്നെ ക്രൂബെറെ ഗുഹയ്ക്കായിരുന്നു ഇതിനു മുമ്പ് ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗുഹ എന്ന റെക്കാഡ്. 2,197 മീറ്ററാണ് ക്രൂബെറെ ഗുഹയുടെ ആഴം. ഏകദേശം ഒരാഴ്ചയോളം സമയമെടുത്താണ് ഗവേഷകർ വെരിയോവ്കിന ഗുഹയുടെ അടിത്തട്ടിൽ എത്തിച്ചേർന്നത്. ഗുഹയെന്നതിലുപരി അപൂർവതരം ജീവജാലങ്ങളുടെ കലവറ കൂടിയാണ് ഇവിടം. പുതിയ ഇനം സ്പീഷീസിലെ ചെമ്മീൻ, തേൾ വംശങ്ങളെ ഇവിടെ കണ്ടെത്തുകയുണ്ടായി.

വളരെ മനോഹരമായ ഒരു തടാകമാണ് ഈ ഗുഹയുടെ അടിത്തട്ടിലുള്ളത്. നീലയും പച്ചയും കലർന്ന ഈ തടാകത്തിന് ചുറ്റും കറുപ്പ് നിറത്തിലെ ചുണ്ണാമ്പ്കല്ലുകളും കാണാം. തടാകം കൂടാതെ ഉറവകളുടെ ടണലുകളും ഗുഹയ്ക്കുള്ളിലുണ്ട്. മഴപെയ്യുമ്പോൾ ഗുഹയിൽ മുഴുവൻ വെള്ളം നിറയാറുണ്ട്. 2018ൽ നാഷണൽ ജ്യോഗ്രഫികിന്റെ ഫോട്ടോഗ്രാഫർ ഉൾപ്പെടെയുള്ള ഗവേഷണ സംഘം വെരിയോവ്കിന ഗുഹയുടെ അടിത്തട്ടിൽ എത്തുകയുണ്ടായി. എന്നാൽ ആഴ്ചകൾ നീണ്ട് നിന്ന മഴയുടെ ഫലമായി ഗുഹയിൽ വെള്ളപ്പൊക്കമുണ്ടായി. ഭാഗ്യവശാൽ ഗവേഷക സംഘത്തിലെ എല്ലാവരെയും അത്ഭുതകരമായി രക്ഷപ്പെടുത്താൻ സാധിച്ചു.